എഴുകോൺ : എഴുകോൺ ടൗണിന്റെ ഹൃദയഭാഗത്ത് റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിന് ഒൻപത് വയസ്. കൊല്ലം തിരുമംഗലം ദേശീയപാതയിൽനിന്നും നെടുമൺകാവ്, ഓടനാവട്ടം, പൂയപ്പള്ളി, ഓയൂർ, മേഖലകളിലേക്കു പോകാനുള്ള ഏകമാർഗമാണ് ഈറോഡ്. കഴിഞ്ഞ ഒൻപത് വർഷത്തോളമായി മഴക്കാലമായാൽ കാലുകുത്താൻ പറ്റാത്ത അവസ്ഥയാണ്.
റോഡിലെ കുഴിയും വെള്ളക്കെട്ടും ജനങ്ങൾക്ക് അത്രയേറെ ദുസഹമായി. കൊട്ടാരക്കര ഭാഗത്തുനിന്നും കുണ്ടറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തിരിയുന്ന ഭാഗമാണ് ഏറെ കഷ്ടം.
വെള്ളക്കെട്ടിന്റെ വലതുഭാഗത്തായിട്ടാണ് സഹകരണ സംഘത്തിന്റെ ഈവനിംഗ് ബ്രാഞ്ച്, മീൻ മാർക്കറ്റ്, പൊതുവിപണി, മാവേലി സ്റ്റോർ, സബ് രജിസ്ട്രാർ ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, ഹോമിയോ ക്ലിനിക്, പിഡബ്ല്യുഡി ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, ബാങ്ക് തുടങ്ങി നിരവധി സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നത്.
ദിനംപ്രതി ആയിരക്കണക്കിനു പേരാണ് ഓഫീസ് ആവശ്യങ്ങൾക്കും മറ്റുമായി ഈ സ്ഥലത്ത് കൂടി നടന്നു പോകുന്നത്. സമീപത്തെ അമ്പലത്തിൽ വരുന്ന വിശ്വാസികൾ വേറെയും. ഈ ജംഗ്ഷനിൽ റോഡിന് ഇടതും വലതുമായി രണ്ട് ഓട്ടോസ്റ്റാൻഡുകളുണ്ട്.
വെള്ളക്കെട്ട് മുഖാന്തരം ഓട്ടോകൾക്ക് ഓട്ടമില്ലെന്നാണ് ഡ്രൈവർമാർക്കുള്ള പരാതി. ക്രിക്കറ്റ് സ്റ്റേഡിയം, ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയ എല്ലാമുണ്ട്. നാനാമുഖമായ വികസന പ്രവർത്തനങ്ങൾ എഴുകോണിന്റെ പല മേഖലകളിൽ നടക്കുന്നു.എന്നാൽ റോഡിലെ വെള്ളക്കെട്ടിനു പരിഹാരം കാണാൻ അധികാരികൾ തയാറായിട്ടില്ല.