"സമഗ്രം പെരിന്തൽമണ്ണ’ ലോഞ്ചിംഗ് കേരളപ്പിറവി ദിനത്തിൽ
1337945
Sunday, September 24, 2023 12:49 AM IST
പെരിന്തൽമണ്ണ: നാടിന്റെ പൊതുവായ വികസന കാര്യങ്ങളിൽ രാഷ്ട്രീയ ചിന്തകൾ മറന്നു യോജിച്ചു പ്രവർത്തിക്കാൻ ജനപ്രതിനിധികൾക്കു സാധിക്കണമെന്നും രാഷ്ട്രീയം നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് വേണ്ടിയാണെന്ന് ചിന്തിക്കുന്ന പൊതുപ്രവർത്തകരെയാണ് വേണ്ടതെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സുസ്ഥിര വികസന പദ്ധതിയായ "സമഗ്രം പെരിന്തൽമണ്ണ’യുടെ ഭാഗമായി നടന്ന ജനപ്രതിനിധി സംഗമം ശിഫ കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സംഗമം വേദിയായി. സമഗ്രം പെരിന്തൽമണ്ണ സുസ്ഥിര വികസന പദ്ധതിയുടെ ലോഞ്ചിംഗ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഒക്ടോബർ രണ്ടിനകം ഇതു സംബന്ധിച്ച സർവേ പൂർത്തീകരിക്കും. ജനപ്രതിനിധികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വിവരശേഖരണം നടത്തും. ഒക്ടോബർ 15നകം കരട് വിശദ പദ്ധതി രൂപരേഖ തയാറാക്കും. ഒക്ടോബർ മൂന്നാം വാരത്തിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി ഡിപിആറുമായി ബന്ധപ്പെട്ട് ശിൽപശാല സംഘടിപ്പിക്കും.
2024 മാർച്ചിൽ പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികൾ പൂർത്തീകരിക്കാനും യോഗം തീരുമാനിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ. നിസാമുദീൻ പദ്ധതി വിശദീകരിച്ചു.
സബ് കളക്ടർ ശ്രീധന്യ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി. സുകുമാരൻ, സി.എം. മുസ്തഫ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബീന അജിത്കുമാർ, ഷീജ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.കെ. നാസർ, ആനന്ദൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പെരിന്തൽമണ്ണ ബിഡിഒ പാർവതി, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ സ്വാഗതവും ഏലംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹൈറുന്നിസ നന്ദിയും പറഞ്ഞു.