മഞ്ചേരി ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു
1599682
Tuesday, October 14, 2025 7:50 AM IST
മഞ്ചേരി: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥിതി ജാതകത്തിലെ രാജയോഗം പ്രയോഗം പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാജയോഗമാണെന്നും രാജാവിനെ പോലെ ജീവിക്കുമെന്നും ജാതകത്തിന്റെ ആദ്യപേജിലുണ്ടാകും. മൂന്ന്, നാല് പേജുകൾ മറിക്കുന്പോൾ അത് അനുഭവിക്കാൻ ഭാഗ്യം ഉണ്ടാകില്ലെന്നും എഴുതിയിട്ടുണ്ടാകും. ഇതേ രീതിയിലാണ് സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളോട് പെരുമാറുന്നത്.
പണം അനുവദിച്ചോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയും. എന്നാൽ നൽകുന്ന പണം പേപ്പറിലാണ്, അനുഭവിക്കാൻ പറ്റില്ല. ട്രഷറി അടച്ചിടുന്നതിന്റെ മണിക്കൂറുകൾക്ക് മുന്‍പാണ് സർക്കാർ ഫണ്ട് നൽകുക. അക്കൗണ്ടിലുള്ള തുക എടുക്കാനാകാതെ തദ്ദേശ സ്ഥാപനങ്ങളെ ദുരിതത്തിലാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഖജനാവ് കാലിയായ സർക്കാരിന് ഇത്രയൊക്കെ പറ്റൂവെന്നും സതീശൻ പരിഹസിച്ചു. സർക്കാർ പ്രയാസപ്പെടുത്തിയിട്ടും മനോഹരമായ ബസ് ബേ സമുച്ചയം ഒരുക്കിയ നഗരസഭയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേരി നഗരസഭ അഹമ്മദ് കുരിക്കൾ സ്മാരക ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. അഡ്വ. യു.എ. ലത്തീഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. 9.5 കോടി രൂപ ചെലവഴിച്ച് 38,167 ചതുരശ്ര വിസ്തൃതിയിലാണ് പുതിയ കെട്ടിടം ഒരുക്കിയത്. ഗ്രൗണ്ട് ഫ്ളോർ അടക്കം മൂന്ന് നിലകളിലായാണ് ഷോപ്പിംഗ് കോംപ്ലക്സ്. അപകടാവസ്ഥയിലായിരുന്ന പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു അതിവേഗം നിർമാണം പൂർത്തിയാക്കി.
താഴത്തെ നിലയിൽ 34 റൂമുകളും ഒന്നാം നിലയിലും രണ്ടാം നിലയിലുമായി 30 വീതം റൂമുകളുമുണ്ട്. 29 ശുചിമുറികളും സജ്ജമാക്കി. നിലവിലുണ്ടായിരുന്ന കെട്ടിടത്തിലെ പഴയ കച്ചവടക്കാരെ പുതിയ കെട്ടിടത്തിലേക്ക് പുനരധിവസിപ്പിച്ചു.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എംപി എന്നിവർ ഓണ്‍ലൈനായി പ്രസംഗിച്ചു. എംഎൽഎമാരായ എ.പി. അനിൽകുമാർ, പി.കെ. ബഷീർ, പി. ഉബൈദുള്ള, ടി.വി. ഇബ്രാഹിം, ആര്യാടൻ ഷൗക്കത്ത്, ചെയർപേഴ്സണ്‍ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ എൻ.കെ. ഖൈറുന്നീസ, എൻ.എം. എൽസി, റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, സി. സക്കീന, കൗണ്‍സിലർ കണ്ണിയൻ അബൂബക്കർ, നഗരസഭ മുൻ ചെയർമാൻമാരായ ഇസ്ഹാഖ് കുരിക്കൾ, വല്ലാഞ്ചിറ മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നിവിൽ ഇബ്രാഹീം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. അതേസമയം ഇടത് കൗണ്‍സിലർമാരും നേതാക്കളും ചടങ്ങിൽ പങ്കെടുത്തില്ല.