പെരുവന്പാടത്തെ റോഡുകൾ ഉദ്ഘാടനം ചെയ്തു
1599684
Tuesday, October 14, 2025 7:50 AM IST
നിലന്പൂർ: പെരുവന്പാടത്ത് വിവിധ റോഡുകളുടെ ഉദ്ഘാടനവും പ്രവൃത്തി ഉദ്ഘാടനവും നടത്തി. എംഎൽഎ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ വീതം ചെലവഴിച്ച് നിർമിച്ച മേലെ പെരുവന്പാടം വനം റോഡ്, വണ്ടനാനിക്കൽ റോഡ്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച പെരുന്പാടം നഗർ റോഡ് എന്നിവയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന പെരുന്പാടം പുഴക്കടവ്-തൊണ്ടിയൽ നടപ്പാത, എംഎൽഎ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചുള്ള ഇടിവണ്ണ - പെരുവന്പാടം റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവുമാണ് പി.കെ. ബഷീർ എംഎൽഎ നിർവഹിച്ചത്.
മേലെ പെരുവന്പാടം വനം റോഡ് ഉദ്ഘാടനത്തിൽ നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറും പങ്കെടുത്തു. പെരുവന്പാടം വാർഡിൽ ഉൾപ്പെടെ ചാലിയാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിരവധി റോഡുകളുടെ പ്രവൃത്തി പൂർത്തീരിക്കാൻ സാധിച്ചതായി എംഎൽഎ പറഞ്ഞു. 112 കോടിയിലേറെ രൂപ ചെലവഴിച്ച് നിർമാണം ആരംഭിച്ചിട്ടുള്ള നിലന്പൂർ - നായാടംപൊയിൽ മലയോര ഹൈവേ മലയോര മേഖലക്ക് ഏറെ നേട്ടമാകുമെന്നും എംഎൽഎ പറഞ്ഞു.
ഒരു പ്രതിപക്ഷ എംഎൽഎ എന്ന നിലയിൽ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായും പി.കെ. ബഷീർ പറഞ്ഞു. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. ഐ.കെ. യൂനസ് സലിം, കല്ലട കുഞ്ഞുമുഹമ്മദ്, നാലകത്ത് ഹൈദരാലി, ബെന്നി കൈതോലിൽ, തോണിക്കടവൻ ഷൗക്കത്ത്, ഹാരീസ് ആട്ടിരി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് വാർഡിൽ രണ്ട് കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതായി വാർഡ് അംഗം സിബി അന്പാട്ട് പറഞ്ഞു.