സഹകരണ ബാങ്ക് സെക്രട്ടറീസ് കോണ്‍ക്ലേവ് 23 ന്
1599672
Tuesday, October 14, 2025 7:49 AM IST
മങ്കട: സഹകരണ ബാങ്ക് സെക്രട്ടറീസ് സെന്റർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെക്രട്ടറീസ് കോണ്‍ക്ലേവ് 23 ന് മലപ്പുറത്ത് നടക്കും. പൂക്കോട്ടൂർ ഡെലീഷ്യ ഹാളിൽ നടക്കുന്ന കോണ്‍ക്ലേവിൽ ജില്ലയിലെ പിഎസിഎസുകളുടെ സെക്രട്ടറിമാരാണ് പങ്കെടുക്കുന്നത്. സഹകരണ മേഖലയിലുണ്ടായ ഒറ്റപ്പെട്ട ക്രമക്കേടുകളുടെയും സഹകരണ നിയമത്തിലുണ്ടായ ഭേദഗതിയുടെയും പശ്ചാത്തലത്തിൽ സഹകരണ ബാങ്കുകളിൽ സമഗ്രമാറ്റത്തിന് ലക്ഷ്യം വച്ചാണ് സെക്രട്ടറീസ് സെന്റർ കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.
സഹകരണ വകുപ്പിന്റെ ജില്ലാതല മേധാവികളും അന്താരാഷ്ട്ര പരിശീലകരും കോണ്‍ക്ലേവിൽ പങ്കെടുക്കും. ഇതുസംബന്ധിച്ച യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ.ഹനീഫ പെരിഞ്ചീരി ഉദ്ഘാടനം ചെയ്തു. അബ്ദുൾ അസീസ് വെട്ടിക്കാട്ടിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. ഭാഗ്യനാഥ്, സൈഫുള്ള കറുമുക്കിൽ, നാസർ എളങ്കൂർ, ആയിഷക്കുട്ടി, അൻവർ ഊർങ്ങാട്ടിരി, അഷ്റഫ് അരക്കുപറന്പ്, ജുമൈലത്ത് കാവനൂർ, റഷീദ് പുൽപ്പറ്റ, ആസിഫ് പരപ്പനങ്ങാടി, മൻസൂർ വാഴക്കാട്, അജിത എടവണ്ണ, ഷൈജ, ബീന എന്നിവർ പ്രസംഗിച്ചു.