ആസ്തി രജിസ്റ്ററിൽ നിന്ന് കിണർ അപ്രത്യക്ഷമായി; ആദിവാസി കുടുംബങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
1599685
Tuesday, October 14, 2025 7:50 AM IST
കാളികാവ്: ചോക്കാട് നെല്ലിയാംപാടം ആദിവാസി നഗറിലെ കുടിവെള്ള പദ്ധതിയുടെ ദശാബ്ദങ്ങളായി ഉപയോഗത്തിലിരുന്ന കിണർ ആസ്തി രജിസ്റ്ററിൽ നിന്ന് അപ്രത്യക്ഷമായി. ഇതേത്തുടർന്ന് കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണിക്കായി അനുവദിച്ച ഫണ്ട് പാഴായി പോകുമെന്ന് ആശങ്കയിലായ നെല്ലിയാംപാടം ആദിവാസി നഗറിലെ കുടുംബങ്ങൾ ഗ്രാമപഞ്ചായത്തിലെത്തി സെക്രട്ടറിയെ ഏറെ നേരം ബന്ദിയാക്കി.
പതിറ്റാണ്ടുകളോളം പ്രദേശത്തുകാർ ഉപയോഗിച്ച പൊതുകിണർ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ കാണാനില്ലാത്തതാണ് പ്രശ്നമായത്. ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും കുടിവെള്ള പദ്ധതി പ്രകാരം ഒന്നിലധികം തവണ ഫണ്ട് ചെലവഴിച്ച് നിർമിച്ചതും മറ്റു പ്രവൃത്തികൾ നടത്തുകയും ചെയ്ത കിണറാണ് ഇപ്പോൾ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ നിന്ന് അപ്രത്യക്ഷമായത്. ഇതോടെ ജില്ലാ പഞ്ചായത്ത് നിർമിച്ച നിലവിലെ കുടിവെള്ള വിതരണ പദ്ധതി പാടെ തകരാറിലായിട്ടുണ്ട്.
പദ്ധതിയുടെ റിപ്പയറിംഗിനു വേണ്ടി ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തിയ ഘട്ടത്തിലാണ് ആസ്തി രജിസ്റ്ററിൽ നിന്ന് കിണർ അപ്രത്യക്ഷമായ വിവരം ബന്ധപ്പെട്ടവർ അറിയുന്നത്. കുടിവെള്ളത്തിനായി മറ്റു മാർഗങ്ങളില്ലാതെ പ്രയാസപ്പെടുന്ന നെല്ലിയാന്പാടത്തുകാർ പഞ്ചായത്തിന്റെ അനാസ്ഥക്കെതിരേ രംഗത്ത് വരികയായിരുന്നു. വാർഡ് മെന്പർ കെ.ടി. സലീന, സിപിഎം ലോക്കൽ സെക്രട്ടറി കെ.ടി. മുജീബ്, മെന്പർമാരായ കെ. ഷാഹിനാബാനു, എം. അൻവർ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് സെക്രട്ടറിയെ ബന്ദിയാക്കി ഉപരോധിച്ചത്.
ഒടുവിൽ വിഷയം പരിശോധിച്ച് രണ്ടു ദിവസത്തിനകം പരിഹരിക്കാമെന്ന വ്യവസ്ഥയിൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. കാളികാവ് എസ്ഐ ഇല്ലിക്കൽ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു.