പേരാമ്പ്ര മേഖലയിലും മഴക്കെടുതി
1562828
Tuesday, May 27, 2025 7:30 AM IST
പേരാമ്പ്ര: ഇടതടവില്ലാതെ കനത്ത മഴ പെയ്യുന്നതിനിടെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ തോടുകളും പുഴകളും നിറഞ്ഞു കവിഞ്ഞു.
വെള്ളം ഉയര്‍ന്ന് പെരുവണ്ണാമൂഴി - ചെമ്പനോട റോഡിലെ ഓനിപ്പുഴ പാലം മുങ്ങി ഗതാഗതം തടസപ്പെട്ടു. ചവറം മൂഴിയില്‍ അക്വഡേറ്റിന്റെ അടി ഭാഗത്ത് കുറ്റ്യാടിപ്പുഴയില്‍ വെള്ളം ഉയര്‍ന്ന് പറമ്പല്‍ പടത്തുകടവ് റോഡില്‍ ഗതാഗത തടസമുണ്ടായി. വിളയാട്ടുകണ്ടി മുക്കില്‍ വയലില്‍ ജലനിരപ്പുയര്‍ന്ന് കോക്കാട് റോഡും മുങ്ങി.
ചക്കിട്ടപാറ കൂടക്കൊല്ലി റോഡില്‍ അങ്കണവാടിക്ക് സമീപം വെള്ളക്കെട്ടുണ്ടായത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ചെമ്പ്ര - ചക്കിട്ടപാറ - പെരുവണ്ണാമൂഴി റോഡിലും വെള്ളക്കെട്ടും ചെളിയും നിറഞ്ഞു.വൈദ്യുതി തടസവും അനുഭവപ്പെട്ടു.കനത്ത മഴയില്‍ ചെറുവണ്ണൂര്‍ കുട്ടോത്ത് പെരുവാന്തി ഗോപിയുടെ വീടിന്റെ മതില് തകര്‍ന്നു.