മിനിലോറി കുഴിയിൽ വീണ് ഗതാഗതം സ്തംഭിച്ചു
1563544
Friday, May 30, 2025 5:27 AM IST
കൊയിലാണ്ടി: ദേശീയ പാതയിൽ പൊയിൽക്കാവിൽ ഗതാഗത തടസം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറോടെ സർവീസ് റോഡിലൂടെ ചരക്കുമായി പോവുകയായിരുന്ന മിനിലോറി കുഴിയിൽ വീണ് ഗതാഗതം ഏറെ നേരം സ്തംഭിച്ചു.
അപകടത്തിൽ ആർക്കും പരിക്കില്ല. പോലീസ് എത്തി വാഹനങ്ങൾ തിരിച്ചുവിട്ട ശേഷം എട്ടോടെ അപകടത്തിൽപെട്ട ലോറി കുഴിയിൽ നിന്നും പൊക്കി ഗതാഗത തടസം നീക്കി.
എന്നാൽ രാവിലെ 9.30 ഓടെ പൊയിൽക്കാവ് അടിപ്പാതക്ക് സമീപം വീണ്ടും സ്വകാര്യ ബസ് ചളിയിൽ താഴ്ന്ന് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ദേവിക ബസാണ് ചളിയിൽ താഴ്ന്നത്.
ഉച്ചകഴിഞ്ഞും വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചു വിടുകയായിരുന്നു. രാവിലെ സർവീസ് നടത്തിയ ബസുകൾക്ക് കോഴിക്കോട് നിന്നും കൊയിലാണ്ടിയിലെത്താൻ മണിക്കൂറുകൾ എടുത്തതോടെ സർവീസ് നിർത്തി വച്ചു.