വികസിത് കൃഷി സങ്കൽപ് അഭിയാൻ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി
1563767
Saturday, May 31, 2025 5:25 AM IST
കോഴിക്കോട്: രാജ്യത്തെ ഒന്നരകോടി കർഷകരുമായി കാർഷിക ശാസ്ത്രജ്ഞരും വിദഗ്ധരും നേരിട്ടു സംവദിക്കുന്ന ‘വികസിത് കൃഷി സങ്കൽപ് അഭിയാൻ’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
കോഴിക്കോട് ജില്ലയിൽ ഐസിഎആർ - ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനവും കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ പര്യടന വാഹനം ഗവേഷണ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. ആർ. ദിനേശ് ഫ്ലാഗ് ഓഫ് ചെയ്തു. ജൂൺ 12 വരെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഇതിന്റെ ഭാഗമായി ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കർഷകരെ നേരിൽ കണ്ട് സംവദിക്കും.
ഗവേഷണവും പ്രായോഗിക പ്രയോഗവും തമ്മിലുള്ള വിടവ് നികത്താനും, സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്കായി കർഷക നേതൃത്വത്തിലുള്ള നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് വികസിത കൃഷി സങ്കൽപ് കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.
ജില്ലയിൽ ആദ്യദിനം എലത്തൂർ, ഒളവണ്ണ, നല്ലളം എന്നിവിടങ്ങളിലായാണ് കർഷകരുമായുള്ള സംവാദം സംഘടിപ്പിച്ചത്. ഇതിനോടൊപ്പം കെവികെയുടെ നേതൃത്വത്തിൽ സുവർണ്ണ സമൃദ്ധി സുഗന്ധവിള യാത്രയും ജില്ലയിൽ പര്യടനം നടത്തി.