മിന്നല്‍ ചുഴലി, കടലാക്രമണം കോഴിക്കോട്ട് വന്‍നാശം
1568085
Tuesday, June 17, 2025 7:48 AM IST
കോഴിക്കോട്: കനത്തമഴയിലും കടലാക്രമണത്തിലും ജില്ലയില്‍ വന്‍ നാശനഷ്ടം. മഴയില്‍ പുഴകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നഗരത്തില്‍ മിക്ക റോഡുകളിലും വെള്ളക്കെട്ടുണ്ടായി. മടവൂരില്‍ ഇന്നലെ ഉച്ചയോടെ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മടവൂര്‍, പൈമ്പാലശ്ശേരി, മുട്ടാന്‍ചേരി തുടങ്ങിയ ഇടങ്ങളിലാണ് ഉച്ചതിരിഞ്ഞ് മിന്നല്‍ ചുഴലിയുണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകിവീണു. പന്ത്രണ്ടോളം വീടുകള്‍ക്കു മുകളിലേക്ക് മരങ്ങള്‍ വീണു. ഇലക്ട്രിക് പോസ്റ്റുകള്‍ വീണതിനെത്തുടര്‍ന്ന് പലയിടത്തും വൈദ്യുതി ബന്ധം തകരാറായി.
കോഴിക്കോട് കടപ്പുറത്ത് ഉണ്ടായ കടലാക്രമണത്തില്‍ ഉന്തുവണ്ടി പെട്ടിക്കടകള്‍ നടത്തുന്ന കച്ചവടക്കാര്‍ക്ക് നാശനഷ്ടമുണ്ടായി. ഉച്ചയോടെ 20 മീറ്ററോളം കരയിലേക്ക് തിരമാല അടിച്ച് കയറി. അപ്രതീക്ഷതമായി ഉണ്ടായ കടലേറ്റത്തില്‍ ഉന്തുവണ്ടി കടകള്‍ മറിയുകയും ഉപ്പിലിട്ട സാധനങ്ങള്‍ ഉള്‍പ്പെടെ നിലത്ത് വീണ് നശിക്കുകയും ചെയ്തു.
പിന്നീട് ഈ മേഖലയിലെ എല്ലാ കച്ചവടക്കാരും ഉന്തുവണ്ടികള്‍ ഫൂട്ട്പാത്തിലേക്ക് മാറ്റി. ശക്തമായ കാറ്റാണ് ബീച്ച് മേഖലയില്‍ നാശനഷ്ടമുണ്ടാക്കിയത്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ബീച്ചില്‍നിന്ന് സന്ദര്‍ശകരെ േപാലീസ് ഒഴിപ്പിച്ചു.
കാറ്റിന് ശക്തി കൂടിയാല്‍ കടലാക്രമണം രൂക്ഷമാകാനാണ് സാധ്യത. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ബീച്ചില്‍ ഇറങ്ങുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. എന്നാല്‍ കടലേറ്റമുണ്ടായെന്ന് അറിഞ്ഞതോടെ വാഹനം നിര്‍ത്തി കടല്‍ കാണാന്‍ ഇറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു.
മാറാട് വെസ്റ്റ്മാഹിയില് ചുഴലികാറ്റില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നു വീണു. രാവിലെ എഴുമണിയോടെ ഉണ്ടായ കാറ്റില്‍ പ്രദേശത്തെ തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങളും കടപുഴകി വീണു. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയായ ഷീറ്റാണ് കാറ്റില്‍ പറന്ന് സമീപത്തെ മാവില്‍ തങ്ങി നിന്നത്. അപകടസമയത്ത് താമസക്കാര്‍ ഇവിടെ ഇല്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. പലയിടങ്ങളിലും മരം വീണും മതില് ഇടിഞ്ഞും അപകടങ്ങളുണ്ടായി.
ഉച്ചയ്ക്ക് രണ്ടരയോടെ ഉണ്ടായ കനത്ത കാറ്റില്‍ കോഴിക്കോട് കോര്പറേഷന് ഓഫീസിന്റെ ഫ്രണ്ട് ഓഫീസിന്റെ ചില്ല് തകര്‍ന്നു വീണു. വാതില്‍ തകര്‍ന്ന സമയത്ത് അകത്ത് ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.
മഴയില്‍ ജില്ലയിലെ പുഴകളിലെല്ലാം വെള്ളം ഉയര്‍ന്നിട്ടുണ്ട്.പൂനൂര് പുഴയില്‍ വെള്ളം പൊന്തിയതിനാല്‍ പരിസരവാസികളെ ബന്ധുവീടുകളിലേക്ക് മാറ്റി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്.
സ്വന്തം ലേഖകന്‍