മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കും: മന്ത്രി
1568094
Tuesday, June 17, 2025 7:55 AM IST
കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് പ്രവര്‍ത്തി ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
മലബാര്‍ ആകെ ആഗ്രഹിച്ച പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ജനങ്ങളെ ആണിനിരത്തി ഏത് പ്രതിസന്ധിയെയും മറികടന്ന് റോഡ് വികസന പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. 8.34 കി.മീ ദൂരം വരുന്ന മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് നവീകരിക്കാന്‍ സര്‍ക്കാര്‍ 482 കോടി രൂപയാണ് അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്ഥലമേറ്റെടുക്കലിന് വേണ്ടി മാത്രം 344.5 കോടി രൂപയും റോഡ് നിര്‍മ്മാണത്തിന് 137. 44 കോടി രൂപയും അനുവദിച്ചു.
ആദ്യഘട്ടത്തില്‍ മാനാഞ്ചിറ- മലാപ്പറമ്പ് ഭാഗത്തെ പ്രവൃത്തിയാണ് നടപ്പാക്കുന്നത്. മലാപ്പറമ്പ് നിന്ന് വെള്ളിമാടുകുന്നു വരെയുള്ള ഭാഗം ദേശീയപാത 766 ല്‍ ഉള്‍പ്പെടുന്നതാണ്. മുത്തങ്ങ വരെ നീളുന്ന ഈ റോഡിന്റെ നിര്‍മാണം ദേശീയപാത വിഭാഗത്തിന്റെ പരിധിയില്‍ വരുന്നതാണ്. അതിനാലാണ് മലാപ്പറമ്പ് മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള മൂന്നു കിലോമീറ്റര്‍ ഈ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വന്നതെന്നും മന്ത്രി പറഞ്ഞു. പ്രസ്തുത ഭാഗത്തെ പ്രവൃത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിക്കാതെ ആരംഭിക്കാന്‍ സാധിക്കില്ല.മലാപ്പറമ്പ് മുതല്‍ വെള്ളിമാട്കുന്ന് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടത്താന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നപക്ഷം പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള റോഡ് ഫണ്ട് ബോര്‍ഡ്- കോഴിക്കോട് നഗര പാത വികസന പദ്ധതി പ്രകാരമാണ് റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. 24 മീറ്റര്‍ വീതിയില്‍ 5.320 കിലോമീറ്റര്‍ നീളത്തില്‍ ഡി.ബി.എം/ബി.സി നിലവാരത്തിലുള്ള നാല് വരിപ്പാതയായാണ് നിര്‍മ്മാണം. ഇരുവശത്തും കോണ്‍ക്രീറ്റ് കാന, ഡക്റ്റ്, 2.00 മീറ്റര്‍ വീതിയില്‍ നടപ്പാത, കുറുകെ 22 ഡക്റ്റുകള്‍ എന്നിവയുണ്ട്. മദ്ധ്യത്തില്‍ രണ്ട് മീറ്റര്‍ വീതിയില്‍ മീഡിയന്, മീഡിയനില്‍ തെരുവ് വിളക്കുകള്‍ എന്നിവ നിര്‍മ്മിക്കും.
21 ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍, സിവില്‍ സ്റ്റേഷനു മുന്പില് നടപ്പാലം, റോഡ് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍, പ്രധാന കവലകളില്‍ ട്രാഫിക് സിഗ്നലുകള്‍ എന്നിവ നിര്‍മ്മിക്കും. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.