പാല്‍വില കൂട്ടാന്‍ ക്ഷീരകര്‍ഷകര്‍ സമരത്തിലേക്ക്; ഇന്ന് ധര്‍ണ
1568084
Tuesday, June 17, 2025 7:48 AM IST
കോഴിക്കോട്: പാലിന്റെ ഉത്പാദന ചെലവിനനുസരിച്ച് വില ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് ക്ഷീര കര്‍ഷകര്‍ സമരത്തിലേക്ക്. പാലിന് സംഭരണ വില 70 രൂപയാക്കുക, വില നിശ്ചയിക്കുന്ന ചാര്‍ട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 ന് ജില്ലാ മൃഗസംരക്ഷണ, ക്ഷീരവികസന ഓഫിസിന് മുന്പില് ധര്‍ണ നടത്തും.
കന്നുകാലികളുടെ കുറവും കാലിത്തീറ്റയുടെ ക്രമാതീതമായ വില വര്‍ധനവുമാണ് പാല് വില ഉയര്‍ത്തണമെന്ന ആവശ്യത്തിലേക്ക് നയിച്ചതെന്ന് ക്ഷീര കര്‍ഷകര്‍ പറയുന്നു.എഫ്എസ്എസ്ഐ അംഗീകരിക്കുന്ന പാലിന്റെ ഗുണനിലവാരത്തില്‍ മില്‍മ സംഭരിക്കുന്ന പാലിന് കര്ഷകന് 41 രൂപയാണ് ലഭിക്കുന്നത്. 2022-ല്‍ ക്ഷീര വികസന വകുപ്പും മില്‍മയും ഉത്പാദന ചെലവ് കണ്ടെത്തുന്നതിന് കമ്മീഷനെ നിയോഗിച്ചിരുന്നു. അത് പ്രകാരം ഒരു ലിറ്റര്‍ പാലിന് 48.80 രൂപയാണ് ചെലവ്.
മില്‍മ പാലിന് വില വര്‍ധിപ്പിച്ചിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു. ഇതുമൂലം വലിയ തോതില്‍ ക്ഷീരകര്‍ഷകര്‍ ഈ മേഖലയില്‍ നിന്നു കൊഴിഞ്ഞു പോകുന്നു. ഒട്ടേറെ ക്ഷീര സംഘങ്ങള്‍ പൂട്ടി. പലതും പാല് സംഭരണം കുറഞ്ഞതു മൂലം പൂട്ടേണ്ട സ്ഥിതിയിലാണ്. ഉത്പാദനച്ചെലവിന് അനുസരിച്ച് വില ലഭിക്കാത്തതിനാല്‍ പുതുതായി ആരും ഈ മേഖലയിലേക്ക് വരുന്നില്ല. ഈ സാഹചര്യത്തില്‍ മില്‍മ സംഭരിക്കുന്ന പാലിന് അടിസ്ഥാന വില 60 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
2024-ലെ കന്നുകാലി സെന്‍സെസ് കേരളത്തിലെ കന്നികാലികളുടെ എണ്ണത്തില്‍ 37 ശതമാനം കുറവ് വന്നിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകള്‍ പ്രതിവര്‍ഷം 200 കോടി വകയിരുത്തിയിട്ടും ഏകദേശം ലക്ഷത്തിലധികം ഉരുക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിലും അനുകൂല നടപടി വേണമെന്ന് മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന് ആവശ്യപ്പെടുന്നു.