മെഡി. കോളേജിൽ ഓൺലൈനായി ഒപി ടിക്കറ്റുകൾ
1567735
Monday, June 16, 2025 5:16 AM IST
കോഴിക്കോട്: ഗവ.മെഡിക്കൽ കോളജിൽ ചികിത്സ തേടാൻ ഇ-ഹെൽത്ത് വഴി ഓൺലൈനായി ഒപി ടിക്കറ്റുകൾ ഇന്ന് മുതല്‍ ലഭിക്കും. ഇതുവരെ മെഡിക്കൽ കോളജിൽ ഇ-ഹെൽത്ത് രജിസ്ട്രേഷൻ മാത്രമായിരുന്നു നടന്നിരുന്നത്. മെഡിക്കൽ കോളജ് ആശുപത്രി ഒപിയിലാണ് ട്രയൽ റൺ നടത്തുകയെന്ന് മെഡിക്കൽ കോളജിലെ ഇ-ഹെൽത്ത് നോഡൽ ഓഫിസർ ഡോ. അബ്ദുൽ ബാസിത് അറിയിച്ചു.
മൊബൈൽ ഫോണിലൂടെ സ്വന്തമായോ അക്ഷയ കൗണ്ടറുകൾ വഴിയോ ഒപി ടിക്കറ്റ് രജിസ്റ്റർ ചെയ്ത് 10 രൂപ ഫീസ് അടച്ചാൽ ക്യുആർ കോഡും നമ്പറും ലഭിക്കും. ഇതുമായി മെഡിക്കൽ കോളജ് ഒപിയിലെ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലെത്തിയാൽ ഒപി ശീട്ട് പ്രിന്റ് ചെയ്ത് ലഭിക്കും. തുടർന്ന് ചികിത്സതേടാം. എന്നാൽ സാധാരണ പോലെ കൗണ്ടറുകളിൽ നേരിട്ടും ഒപി ടിക്കറ്റ് ലഭിക്കും. രജിസ്ട്രേഷൻ പൂർത്തിയാക്കി ആശുപത്രിയിലേക്ക് വരുന്നത് കാരണം ഒപി കൗണ്ടറിൽ കാത്തുനിൽക്കാതെ വേഗത്തിൽ ഒപി ടിക്കറ്റ് ലഭിക്കും.
മെഡിസിൻ, സർജറി, എല്ലുരോഗ വിഭാഗം, ഓഫ്താൽമോളജി, ഇ.എൻ.ടി, ത്വക്ക്രോഗ വിഭാഗം എന്നിവിടങ്ങളിലേക്കുള്ള ഒപി ടിക്കറ്റാണ് ലഭിക്കുക. ഡോക്ടർമാർക്ക് ആവശ്യത്തിന് കമ്പ്യൂട്ടറുകൾ ഇല്ലാത്തതിനാൽ മരുന്ന് കുറിപ്പടികൾ പഴയപടി തുടരും. പരിശോധന, ഫാർമസി, ലാബ് തുടങ്ങിയവയും ഇ-ഹെൽത്തുമായി ബന്ധിപ്പിച്ചാൽ മാത്രമേ സംവിധാനത്തിന്റെ ഗുണം രോഗികൾക്ക് പൂർണമായും ലഭിക്കൂ. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
നിലവിൽ സൂപ്പർ സ്പെഷ്യാൽറ്റി ആശുപത്രിയിലും ചെസ്റ്റ് ആശുപത്രിയിലും ഇ-ഹെൽത്ത് ആരംഭിച്ചിട്ടില്ല.