വിലക്കിന് പുല്ലുവില;തിരികക്കയം വെള്ളച്ചാട്ടം കാണാൻ സന്ദർശക പ്രവാഹം
1567737
Monday, June 16, 2025 5:16 AM IST
നാദാപുരം: ജില്ല ഭരണകൂടത്തിന്റെ വിലക്കിന് പുല്ല് വില. വാണിമേൽ പഞ്ചായത്തിലെ തിരികക്കയം വെള്ളച്ചാട്ടം കാണാൻ എത്തുന്നവർ നിരവധി. ജില്ലയിൽ മഴ ശക്തമായതോടെ റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ വെള്ളച്ചാട്ടം കാണാനും വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും പുഴയിൽ ഇറങ്ങുന്നതിനും വിലക്കുള്ളപ്പോഴാണ്അമ്പത് മീറ്ററോളം ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം കാണാൻ ആളുകളെത്തുന്നത്.
അവധി ദിവസമായ ഇന്നലെ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നാണ് യുവാക്കളും യുവതികളും ഇവിടെ എത്തിയത്. ശക്തമായ വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കുന്നവരും ഇതിലുണ്ട്. പ്രദേശത്തെ ഭൂമി ശാസ്ത്ര ഘടന അറിയാത്തവർ വെള്ളച്ചാട്ടത്തിലിറങ്ങി മരണപ്പെട്ട സംഭവവും തിരികക്കയത്തുണ്ട്.
വനത്തിനുള്ളിൽ ശക്തമായ മഴയുണ്ടായാൽ അപ്രതീക്ഷിതമായാണ് വെള്ളച്ചാട്ടത്തിന് ശക്തി കൂടുന്നത്. ഇത് പലപ്പോഴും സന്ദർശകരെ അപകടത്തിൽപെടുത്താറുണ്ട്.
എന്നാൽ സർക്കാരോ പഞ്ചായത്തോ വേണ്ട സുരക്ഷകൾ ഒന്നും തന്നെ ഇവിടെ ഒരുക്കിയിട്ടില്ല. പ്രദേശവാസികൾ വിലക്കിയാലും മുഖവിലക്കെടുക്കാതെയാണ് ജനങ്ങൾ ഇവിടെ എത്തുന്നത്. നാട്ടുകാർ പോലീസിനെ അറിയിച്ചാൽ അവർ വന്ന് സഞ്ചാരികളെ പറഞ്ഞ് വിട്ടാലും വീണ്ടും തിരികെയെത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.