കോഴിക്കോട്ട് തോരാമഴ, തീരാകെടുതികള്‍
1568078
Tuesday, June 17, 2025 7:48 AM IST
കോഴിക്കോട്: ഏതാനും ദിവസങ്ങളായി ജില്ലയില്‍ തുടരുന്ന മഴയില്‍ നാശനഷ്ടം. വീട് തകര്‍ന്നും മതില് ഇടിഞ്ഞുവീണും നാശനഷ്ടങ്ങളുണ്ടായി. പുഴകള്‍ നിറഞ്ഞാണ് ഒഴുകുന്നത്. ഒട്ടേറെ സ്ഥലങ്ങളില്‍ വെള്ളം കയറി.
കോഴിക്കോട് ബീച്ചില്‍ കടലാ്രകമണം രൂക്ഷമായി. റോഡിനു സമീപം വരെ തീരകള്‍ അടിച്ചുകയറിയതിനാല്‍ പോലീസ് ഇടപെട്ട് ബീച്ചില്‍ നിന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു. കോഴിക്കോട് താലൂക്കിലെ കുമാരനല്ലൂര്‍ വില്ലേജില്‍ ചെറുപുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് വീടുകളില്‍ വെള്ളം കയറി. ഒരു കുടുംബത്തെ മൂട്ടോളി അങ്കണവാടിയിലും മറ്റൊരു കുടുംബത്തെ ബന്ധുവീട്ടിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് ക്യാമ്പിലുള്ളത്. പെരുവയല്‍ വില്ലേജില്‍ കൊളക്കാട്ട് മീത്തല്‍ മുഹമ്മദ് മുസ്തഫയുടെ വീടിനു മുകളില്‍ മരം വീണു.
മടവൂര്‍ വില്ലേജില്‍ മുട്ടാഞ്ചേരി ഭാഗത്ത് ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ഏതാനും വീടുകള്‍ക്ക് ചെറിയ കേടുപാടുകളുണ്ടായി. അരങ്ങില്‍ത്താഴത്ത് ശക്തമായ കാറ്റില്‍ വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. ഇവിടെ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വടകര താലൂക്കില്‍ ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വടകര വില്ലേജില്‍ നാലും ആയഞ്ചേരി, കോട്ടപ്പള്ളി വില്ലേജുകളിലായി ഓരോ വീടുകളുമാണ് തകര്‍ന്നത്. ഏറാമല വില്ലേജില്‍ ആദിയൂരില് കക്കാട്ടു പറമ്പത്ത് ദിലീപ് കുമാറിന്റെ വീട്ടു മുറ്റത്തുള്ള കിണര്‍ രണ്ട് മീറ്റര്‍ താഴ്ന്നു.
കൊയിലാണ്ടി: കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ കനത്ത മഴയില്‍ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം ഹഫീഫ് ഹൗസില്‍ ബഷീറിന്റെ ആള് താമസമില്ലാത്ത മാളിക വീട് തകര്‍ന്നു. സമീപത്തെ മറ്റ് വീടുകളും അപകട ഭീഷണിയിലാണ്.
പന്തലായനി കേളുവേട്ടന് മന്ദിരം പരിസരം, വിയ്യൂര്‍ റോഡ്, പൊയില്‍ക്കാവ് ക്ഷേത്രം റോഡ്, റെയില്‍വെ ഗേറ്റ് പരിസരം, കൊരയങ്ങാട് ക്ഷേത്ര മൈതാനം, അമ്പാടി തിയേറ്റര്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളം പൊങ്ങി വാഹന- കാല്‍നട യാത്ര ദുസ്സഹമായി. പൊയില്‍കാവ് ക്ഷേത്രം റോഡിലെ കടകളില്‍ വെള്ളം കയറി.
അമ്പാടി റോഡില്‍ വാഹന സര്‍വ്വീസ് ഏറെ നേരം മുടങ്ങി. പൊയില്‍ക്കാവില്‍ ദേശീയപാത റോഡ് പണി നടക്കുന്ന സ്ഥലത്തൂടെ പോയ സ്വകാര്യ ബസ് ചളിയില്‍ താഴ്ന്ന് യാത്രക്കാര്‍ വലഞ്ഞു.
കൊയിലാണ്ടിയില്‍ വെള്ളപ്പൊക്കം കാരണം രണ്ട് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നഗരസഭ 32-ാം വാര്‍ഡില്‍ കുറ്റിവയല്‍ കോളനിയില്‍ താമസിക്കുന്ന ജയന്, ശിവദാസന്‍ എന്നിവരുടെ കുടുംബങ്ങളിലെ അഞ്ചുപേരെയാണ് കോതമംഗലം ഗവ. ജി.എല്‍.പി.
സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിയത്. ശക്തമായി തുടരുന്ന മഴയില്‍ പ്രദേശമാകെ വെള്ളക്കെട്ട് രൂക്ഷമാണ്. നഗരസഭ കൗണ്‍സിലര്‍ എ. ലളിതയും വില്ലേജ് അധികാരികളും സ്ഥലം സന്ദര്‍ശിച്ചു.
ബഡ്സ് സ്കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് മതില് ഇടിഞ്ഞു
നാദാപുരം: തൂണേരി കുടുംബാരോഗ്യ കേന്ദ്രം കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന തൂണേരി പഞ്ചായത്ത് സാന്ത്വനം ബഡ്സ് സ്കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് മതില് ഇടിഞ്ഞുവീണു. ഒഴിവായത് വന്‍ ദുരന്തം.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിന്റെ അതിര്‍ത്തിയിലുള്ള വലിയ മതിലാണ് ഞായറാഴ്ച്ച രാത്രി കനത്ത മഴയില്‍ കെട്ടിടത്തിന് മുകളിലേക്ക് ഇടിഞ്ഞുവീണത്. സ്കൂള്‍ അവധി ദിവസം ആയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. മതിലിന്റെ ബാക്കിയുള്ള ഭാഗം വീഴാറായ അവസ്ഥയിലുമാണ്. അപകടാവസ്ഥക്ക് പരിഹാരം കാണാതെ സ്കൂള്‍ തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
മിന്നല്‍ ചുഴലിയില്‍ വളയത്തും വാണിമേലിലും വ്യാപക നാശം
നാദാപുരം: വളയം ചെറുമോത്ത്, വാണിമേല്‍ മേഖലകളില്‍ ആഞ്ഞടിച്ച മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം താറുമാറായി.
തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം മൂന്നു മണിയോടെയാണ് വളയം 11,12,13, വാര്‍ഡുകളിലും വാണിമേല്‍ പഞ്ചായത്തിലെ വിവിധ മേഖലകളിലും കാറ്റ് വീശിയത്. ചെറുമോത്ത് തെക്കുമ്പുറം സുബൈറിന്റെ വീടിന്റെ മേല്‍ക്കൂരയുടെ ഷീറ്റ് പാറി പോയി. പുനത്തില്‍ ഉമറിന്റെ പറമ്പിലെ മാവ് കടപുഴകി വീണ് മതില് തകര്‍ന്നു. പള്ളിക്കണ്ടി മജീദിന്റെ വീടിന്റെ മതില് മരം വീണ് തകര്‍ന്നു. പള്ളിക്കണ്ടി പോക്കറുടെ വീടിന് മേല്‍ മരം വീണ് കേടുപാട് സംഭവിച്ചു. ഓണപറമ്പത്ത് തയ്യുള്ളതില്‍ സദാനന്ദന്റെ വീടിന്റെ മേല്‍ക്കൂരയിലും മരം വീണ് നാശനഷ്ടം സംഭവിച്ചു.
കാറ്റില്‍ ഏണി വീണ് കുറുങ്ങോട് ബാലന് തലക്ക് പരിക്കേറ്റു. മീത്തലെ പുത്തന്‍പുരയില്‍ അബുബക്കറിന്റെ വീടിന് മുകളില്‍ സമീപത്തെ മരം വീണ് കേടുപാട് സംഭവിച്ചു. ഓണപ്പറമ്പത്ത് ഹമീദിന്റെ വീട്ടു മതില് മരം വീണ് തകര്‍ന്നു. ചെറുമോത്ത് എല്‍ പി സ്കൂളിന് സമീപത്തെ റോഡിലേക്ക് നിരവധി മരങ്ങള്‍ പൊട്ടിവീണ് ഗതാഗതം തടസ്െപ്പട്ടു.
വൈദ്യുതി തൂണുകളും തകര്‍ന്നു. ഓണപറമ്പത്ത് കൂറ്റന്‍ മരം റോഡിലേക്ക് വീണ് വൈദ്യുതി തൂണുകള്‍ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വാഴകള്‍ ഉള്‍പ്പെടെയുള്ള കൃഷികളും കാറ്റില്‍ നശിച്ചു. മാമുണ്ടേരിയില്‍ അബ്ദു റഹ്മാന്റെ ഓട് മേഞ്ഞ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. പഞ്ചായത്ത് അംഗങ്ങളായ വി.പി ശശിധരന്, എന്‍ റൈഹാനത്ത്, നസീമ നാരോന്റെവിട എന്നിവര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി.