ശക്തമായ മഴ: രാത്രി മുഴുവന്‍ മുള്‍മുനയിലായി വിലങ്ങാട്
1576748
Friday, July 18, 2025 5:17 AM IST
നാദാപുരം: ശക്തമായ മഴയില്‍ പുഴ കരകവിഞ്ഞൊഴുകി വിലങ്ങാട്, നാദാപുരം മേഖലകളില്‍ വ്യാപക നാശം. വ്യാഴാഴ്ച രാവിലെ മുതല്‍ നാദാപുരം മേഖലയില്‍ മഴ തിമര്‍ത്ത് പെയ്തതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി.
വിലങ്ങാട് മലയോരത്തെ ശക്തമായ മഴയില്‍ മയ്യഴി പുഴയുടെ ഉത്ഭവ കേന്ദ്രമായ പുല്ലുവപുഴയിലും മലയങ്ങാട് പുഴയിലും ശക്തമായ ഒഴുക്കായിരുന്നു. വിലങ്ങാട് ടൗണ്‍ പാലത്തിലും വായാട് ഉന്നതി റോഡിലെ വായാട് പാലത്തിനും മുകളിലൂടെ വെളളം ഒഴുകിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. കഴിഞ്ഞ ജൂലൈ 30 നാണ് നാടിനെ നടുക്കി വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായത്.
രാത്രിയില്‍ പുഴ കരകവിഞ്ഞൊഴുകിയതോടെ പ്രയാസം അനുഭവിക്കുന്നവര്‍ വിലങ്ങാട് പാരിഷ് ഹാളിലെത്തണമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. വായാട് പാലത്തിന്റെ അപ്രോച്ച് റോഡ് പുഴയിലെ കുത്തൊഴുക്കില്‍ ഒലിച്ച് പോയി.
അപ്രോച്ച് റോഡ് തകര്‍ന്നതോടെ ഇരുചക്രവാഹനങ്ങള്‍ മാത്രമേ പാലത്തിലൂടെ കടത്തി വിടുന്നുളളു. വിഷ്ണു മംഗലം ബണ്ട് കരകവിഞ്ഞതോടെ പെരുവങ്കര, ചെറുമോത്ത്, വിഷ്ണുമംഗലം, ഈയ്യങ്കോട് ഭാഗങ്ങളിലും നാദാപുരം പോലീസ് സ്റ്റേഷന് സമീപത്തെ മുത്താറിക്കുനി ഭാഗങ്ങളിലെ വീടുകളിലും വെളളം കയറി.
രാത്രി പതിനൊന്ന് മണിയോടെ നാദാപുരം കസ്തൂരി കുളത്തെ പാലേരി റഷീദിന്റെ മുപ്പത് മീറ്ററോളം നീളത്തിലുളള വീട്ടുമതിലും മഴയില്‍ തകര്‍ന്ന് വീണു. നാദാപുരം പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണ് മാറ്റി ആളുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തി. പല ഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി തൂണുകളും ലൈനുകളും തകര്‍ന്നു.
വളയത്ത് വീട് തകർന്നു
നാദാപുരം: ശക്തമായ മഴയിൽ വളയത്ത് വീട് തകർന്നു. വളയം ചാലിയാട്ട് പൊയിൽ കിണറ്റിൽ പിലാവുള്ള പറമ്പത്ത് കണ്ണന്റെ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗമാണ് ബുധനാഴ്ച്ച രാത്രി തകർന്ന്വീണത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.നൂറിലേറെ ഓടുകൾ തകർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.
വീടിന്റെ ചുമർ ഇടിഞ്ഞു വീണു
താമരശേരി: കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണു. പുതുപ്പാടി പഞ്ചായത്തിലെ പെരുമ്പള്ളി ആനപ്പാറപ്പൊയിൽ രാധയുടെ വീടിന്റെ പിൻഭാഗമാണ് തകർന്നത്.
രാധയും മൂന്നു മക്കളുമാണ് വീട്ടിൽ താമസം. മൺ കട്ടകൾക്കൊണ്ട് മലമുകളിൽ നിർമിച്ച വീടിന്റെ അടുക്കള ഭാഗം തകർന്നതോടെ താമസ യോഗ്യമല്ലാതെയായി. ഇതേ തുടർന്ന് ഇവർ മകളുടെ വീട്ടിലേക്ക് മാറിയിരിക്കുകയാണ്.
അടച്ചുറപ്പുള്ള ഒരു വീടിനായി പലതവണ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്ന് ഇവർ പറയുന്നു.
വീടിന് പിന്നിലെ തിണ്ടിടിഞ്ഞു
കൂരാച്ചുണ്ട്: കനത്ത മഴയിൽ വീടിന് പിന്നിലെ തിണ്ടിടിഞ്ഞ് വീടിന് ഭീഷണി.കൂരാച്ചുണ്ട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കൈതക്കൊല്ലി മ ൂന്നാംമുക്ക് മേഖലയിൽ താമസിക്കുന്ന വാളിയാംപ്ലാക്കൽ ജോബിയുടെ വീടിന്റെ പിൻഭാഗമാണ് ഇടിഞ്ഞത്. ഇവിടെയുണ്ടായിരുന്ന മരം വീടിന് മുകളിൽ വീണ് മേൽക്കൂരയുടെ ഓടിനും നാശം സംഭവിച്ചിട്ടുണ്ട്.
തലയാട് ഭാഗങ്ങളിൽ മണ്ണിടിച്ചിൽ
ബാലുശേരി: തലയാട്, ചിടികുഴി, ചുരുക്കൻ കാവ് ഭാഗങ്ങളിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ. പനങ്ങാട് പഞ്ചായത്തിന്റെയും കാന്തലാട് വില്ലേജിന്റെയും ശക്തമായ മുന്നറിയിപ്പുകൾ
ഉണ്ടായിരുന്നതിനെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ആയതിനാൽ വൻ അപകടം ഒഴിവായി.പ്രദേശത്ത് കൃഷി നാശം ഉണ്ടായിട്ടുണ്ട്. മഴ കനത്താൽ ഇനിയും ഈ പ്രദേശത്ത് മണ്ണിടിയാൻ സാധ്യതയുണ്ട്. അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് പ്രദേശവാസികൾ പറഞ്ഞു.