ഡാം റിസർവോയർ മേഖലയിൽ സന്ദർശകർക്ക് നിയന്ത്രണം
1576517
Thursday, July 17, 2025 5:38 AM IST
കൂരാച്ചുണ്ട്: കരിയാത്തുംപാറ, കക്കയം മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന പെരുവണ്ണാമൂഴി ഡാം റിസർവോയർ മേഖലകളിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കക്കയം എംവൈസി ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഒരാഴ്ച മുമ്പ് കക്കയം മേഖലയിലെ ഡാം റിസർവോയറിൽ യുവാവ് മുങ്ങി മരിച്ച സംഭവത്തെ തുടർന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
അപകട സാധ്യതകൾ ഏറെയുള്ള ഇവിടങ്ങളിൽ പ്രവേശനം നിരോധിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ ഇവയൊന്നും വകവയ്ക്കാതെ വെള്ളത്തിൽ ഇറങ്ങുകയും അപകടത്തിൽ പെടുകയും ചെയ്യുന്നത് തുടർ സംഭവമായി മാറുന്നുണ്ട്.
എന്നാൽ നാട്ടുകാർ സന്ദർശകരെ പുഴയിൽ ഇറങ്ങുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയാൽ അവയെല്ലാം അവഗണിക്കുകയാണ് ചെയ്യുന്നത്. ഇതിനു പരിഹാരം കാണുന്നതിനായി റിസർവോയർ മേഖലകളിൽ പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചു. കൂടാതെ ഒന്‍പതംഗ കമ്മിറ്റിയും രൂപീകരിച്ചു.
ഈ വിഷയം സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ബോർഡിൽ പ്രത്യേക അജണ്ട വെച്ച് തീരുമാനമെടുക്കാനും എംഎൽഎയുമായി ചർച്ച ചെയ്തു കൂടുതൽ ഗൈഡുമാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഡാർലി ഏബ്രഹാം, ആൻഡ്രൂസ് കട്ടിക്കാന, മുജീബ് കൊട്ടോല, വിപിൻ പാറക്കൽ, അരുൺ പാറക്കൽ, മേരി സണ്ണി, വിപിൻ ജോസ്, ജാനേഷ് കല്ലക്കുടി, നിപിൻ ഐകുളമ്പിൽ എന്നിവർ പ്രസംഗിച്ചു.
പത്രോസ് പന്നിവെട്ടുപറമ്പിൽ (കൺവീനർ), മുജീബ് കോട്ടോല (ചെയർമാൻ) ആയി ഒന്‍പതംഗ കമ്മിറ്റി രൂപീകരിച്ചു.