നിപ്പ: അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം
1575978
Tuesday, July 15, 2025 7:49 AM IST
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രം നില്‍ക്കണം.
ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്ക് ധരിക്കണം. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡിഎംഒ അറിയിച്ചു.
ആശുപത്രിയില്‍ നേരിട്ട് പോകേണ്ടതില്ലാത്ത ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഫോണിലൂടെ ഇ സഞ്ജീവനി വഴി ഡോക്ടറുടെ സൗജന്യ സേവനം ലഭ്യമാണ്. ഇതിലൂടെ രോഗപ്പകര്‍ച്ച ഇല്ലാതാക്കാനാകും.
ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍ക്കായി https://esanjeevani.mohfw.gov.in സന്ദര്‍ശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം. വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരം സംസാരിക്കാനും അവസരമുണ്ട്. നിപ പ്രത്യേക ഒ പി സേവനങ്ങള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ ഇ-സഞ്ജീവനിയില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കുമായി 104/1056/04712552056 എന്നീ ദിശ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.
നിപ്പ: കോഴിക്കോട്ടെ സമ്പര്‍ക്ക പട്ടികയില്‍ 114 പേര്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 114 പേരെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിവിധ ജില്ലകളിലായി സമ്പര്‍ക്കപ്പട്ടികയില്‍ 609 പേരാണുള്ളത്. ഇതില്‍ 112 പേര് പാലക്കാട് രണ്ടാമത് നിപ റിപ്പോര്‍ട്ട് ചെയ്തയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്. പാലക്കാട് 286, മലപ്പുറം 207, എറണാകുളം 2 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍. മലപ്പുറത്ത് എട്ടുപേര്‍ ഐസിയു ചികിത്സയിലാണ്. മലപ്പുറം ജില്ലയില്‍ ഇതുവരെ 72 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര് ഐസൊലേഷനില്‍ ചികിത്സയിലാണ്.