മെഡിക് കോളജ് തീപിടിത്തം : അത്യാഹിത വിഭാഗത്തിലെ താഴെ നില ഉടന്‍ തുറന്നേക്കും
1575256
Sunday, July 13, 2025 5:34 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായ പിഎംഎസ്എസ്വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം ബ്ലോക്കിലെ താഴെ നില ഉടന്‍ തുറന്നേക്കും. തീപിടിത്തമുണ്ടായി മാസങ്ങള്‍ കഴിഞ്ഞിട്ടും അത്യാഹിത വിഭാഗം പ്രവര്‍ത്തനം ഇവിടേക്കുമാറ്റാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മൊത്തം കെട്ടിടം തുറക്കുന്നതിന് പകരം താഴത്തെ നില പൂർണസജ്ജമാക്കി അത്യാഹിത വിഭാഗം ഇവിടേക്ക് മാറ്റാനാണ് മെഡിക്കൽ കോളജ് അധികൃതരുടെ നീക്കം.
തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ രണ്ടുവർഷം മുമ്പ് പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം കണ്ടെത്തി റിപ്പോർട്ട് ചെയ്ത് തകരാറുകൾപോലും പരിഹരിക്കപ്പെട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഈ വർഷം മേയിൽ തുടർച്ചയായ രണ്ട് തീപിടിത്തങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിലും പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
2023ലും 2024ലും കണ്ടെത്തിയ തകരാറുകൾ തീപിടിത്തങ്ങൾക്കുശേഷവും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് മേയ് 18ന് പരിഷ്കരിച്ച റിപ്പോർട്ടിൽ പറയുന്നു. യുപിഎസ് ബാറ്ററി റൂമുകളിൽ ചൂടു കൂടുതലാണെന്ന് ഇലക്ട്രിക്കൽ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. നാലാംനിലയിലെ യുപിഎസ് ബാറ്ററിയുടെ തകരാറും കണ്ടെത്തിയിരുന്നു. തീപ്പിടിത്തത്തിന് ശേഷം മേയിലെ ഏറ്റവും പുതിയ പരിശോധനയിലും ബാറ്ററികൾ വീർത്തതായും തകരാറിലായതായും കണ്ടെത്തി.
അഞ്ചാംനിലയിലെ യു.പിഎസ് മുറിയിലെ ബാറ്ററി ടെർമിനലുകൾ കേടായതായും സ്പ്ലിറ്റ് എ.സിയില്ലാത്ത ഇടുങ്ങിയ മുറിയിലാണ് ബാറ്ററികൾ സൂക്ഷിച്ചിരുന്നതെന്നും പ്രവർത്തനസമയത്ത് ബാറ്ററി റൂമിൽ ഉയർ താപനിലയുണ്ടാവുന്നതായും കണ്ടെത്തി.
ചോർച്ച കാരണം കെട്ടിടത്തിന്റെ ഭിത്തിയിലെ ഈർപ്പവും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പരിഹരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇലക്ട്രിക്കൽ വിഭാഗം നടത്തിയ പരിശോധനയിൽ നിരവധി പോരായ്മകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നുവെന്നും മിക്കവയും ഇപ്പോൾ പരിഹരിച്ചിട്ടുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്നും പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിങ് അധികൃതർ പറഞ്ഞു.
അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും സമയബന്ധിതമായി തകരാറ് പരിഹരിച്ച് കൈമാറാൻ കമ്പനി അധികൃതർ തയാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. കെട്ടിടത്തിലെ പല നിലകളിലും ചുമരിൽ ഈർപ്പം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇതിന് പരിഹാരം കാണാൻ കമ്പനി ഇതു വരെ തയാറായിട്ടില്ല.
മേയ് രണ്ടിനാണ് രാത്രിയിൽ എമർജൻസി കെയർ വിഭാഗത്തിലെ എംആർഐ സ്കാനിങ് യൂനിറ്റിനോട് ചേർന്നുള്ള യുപിഎസ് മുറിയിൽ തീപ്പിടിത്തമുണ്ടായത്. തുടർന്ന് രോഗികളെ മറ്റു വാർഡുകളിലേക്കും മറ്റ് ആശുപത്രികളിലേക്കും മാറ്റേണ്ടിവന്നു. തുടർന്ന് മേയ് അഞ്ചിന് ആറാംനിലയിലെ ഓപറേഷൻ തിയറ്ററിനുള്ളിൽ മറ്റൊരു തീപിടിത്തവുമുണ്ടായി.