മലയോര ഹൈവേ; വീട്ടിലേക്കുള്ള വഴി നഷ്ടപ്പെട്ട് കുടുംബം
1574554
Thursday, July 10, 2025 5:16 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറക്ക് നടന്നു കൊണ്ടിരിക്കുന്ന മലയോര ഹൈവേ പ്രവൃത്തി കാരണം പുളിക്കൽ സാബുവിന്റെ കുടുംബത്തിനു വീട്ടിലേക്കുള്ള വഴിയില്ലാതായി.
ഹെൽത്ത് സെന്ററിനു സമീപം റോഡിന്റെ താഴെ ഭാഗത്താണ് വീട്. പാതയിൽ നിന്നു വീട്ടിലേക്ക് സ്റ്റെപ്പുകൾ ഇറങ്ങിയായിരുന്നു സഞ്ചാരം. ഹൈവേ നിർമ്മാണം തുടങ്ങിയപ്പോൾ സ്റ്റെപ്പുകൾ ഉണ്ടായിരുന്ന പാത ഭാഗം ഉയർത്തി. എങ്കിലും ഇതിന്റെ വശത്തുകൂടി കല്ലിട്ട് താൽക്കാലിക വഴി ഉണ്ടാക്കി കൊടുത്തു.
ഇതിനു സമീപം മണ്ണിട്ടും പാത നൽകി. കനത്ത മഴയിൽ ഈ രണ്ടു സംവിധാനവും ഒലിച്ചു പോയി. വഴി നേരെയാക്കി തരണമെന്നാവശ്യപ്പെട്ട് കർഷകനായ സാബു കരാറുകാരുടെ പിന്നാലെ നടക്കുകയാണ് പ്രശ്നം കഴിഞ്ഞ ശനിയാഴ്ച നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതിയിൽ ചക്കിട്ടപാറക്കാരനായ സമിതി അംഗം രാജൻ വർക്കി ഉന്നയിച്ചു.
അടിയന്തിരമായി സാബുവിന്റെ കുടുംബത്തിനു വഴി നിർമിച്ചു നൽകണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് കേരളാ റോഡ് ഫണ്ട് ബോർഡിനു നിർദ്ദേശവും നൽകി.