വീട് ഭാഗികമായി തകര്ത്തു, കൃഷി നശിപ്പിച്ചു : വീണ്ടും കാട്ടാനകളുടെ ആക്രമണം
1574801
Friday, July 11, 2025 5:19 AM IST
കൂടരഞ്ഞി: കക്കാടംപൊയിൽ മരത്തോട് ഭാഗത്ത് വീണ്ടും കാട്ടാന ആക്രമണം. വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. കഴിഞ്ഞദിവസം രാത്രി 12 ന് ശേഷമാണ് സംഭവം. 80 വയസുള്ള ജോസഫും ഭാര്യയുമാണ് ആ സമയം വീട്ടില് ഉണ്ടായിരുന്നത്.
വീട് ഭാഗികമായി തകർന്നു. പൊളിഞ്ഞ ഭാഗം നാട്ടുകാരുടെ സഹായത്തോടെ താത്കാലികമായി നന്നാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയ ഭാഗത്തുനിന്നും ഈ പ്രദേശത്തേക്ക് 500 മീറ്റർ വ്യത്യാസമേയുള്ളു.
മുൻപ് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന ഏബ്രഹാം ഏറ്റുമാനുക്കാരന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് കുത്തി മറിച്ചിട്ടിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.
വെള്ളവും തീറ്റയും കുറയുമ്പോഴാണ് ആന കാടു വിട്ട് നാട്ടിൽ ഇറങ്ങുന്നതെന്നാണ് അധികൃതരുടെ വാദം. മഴക്കാലത്ത് നാളിതു വരെ ആന നാട്ടിൽ ഇറങ്ങാറില്ലായിരുന്നു. ആനകളുടെ എണ്ണം വർധിച്ചതാണ് കാരണം. അക്രമാസക്തനായ ആനയെ പിടികൂടിയില്ലെങ്കിൽ ഇനിയും ആക്രമണം തുടരും.
എത്രയും വേഗം മനുഷ്യനും സ്വത്തിനും ഭീഷണിയായ ആനയെ മയക്കു വെടിവച്ച് പിടികൂടണം. കൂടാതെ സ്ഥിരമായി ആനയിറങ്ങുന്ന പ്രദേശമായതിനാൽ ആർആർടിയുടെ സാന്നിധ്യം മുഴുവൻ സമയവും ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പന്നിക്കോട്ടൂർ ഉന്നതിയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ബുധനാഴ്ച രാത്രി ഇവിടെയെത്തിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു.
തെങ്ങ്, കമുങ്ങ്, നൂറ് കണക്കിനു വാഴകൾ എന്നിവയെല്ലാം നശിപ്പിച്ചതിൽപെടും. വീട്ടിലുണ്ടായിരുന്ന ആളുകളെ അക്രമിക്കാനും ശ്രമിച്ചു. ചിറയൻ പുറത്ത് ഷാജന്റെ വിറകുപുര തകർത്തു. തെക്കുപുറത്ത് അനിതയുടെ വീട്ടംഗങ്ങളെയാണ് അക്രമിക്കാൻ ശ്രമിച്ചത്. ഗോപാലൻ നെട്ടോടി, ശ്രീധരൻ കേളോത്ത് ചാലിൽ, കൃഷ്ണൻ ആശാരിക്കണ്ടി, രമണി പയോർകണ്ടി താഴെ കുനി, അംബിക വൈരങ്ക മീത്തൽ തുടങ്ങിയവരുടെ കൃഷികളാണ് നശിപ്പിച്ചത്.
ജനങ്ങൾക്കു കാവലായി പെരുവണ്ണാമൂഴി വനപാലകർ രാത്രി മുഴുവൻ ഉന്നതിയിൽ തമ്പടിച്ചത് ആശ്വാസമായി. പെരുവണ്ണാമൂഴി ഉൾവനത്തിൽ നിന്നാണ് കാട്ടാന സംഘം ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്.
വനവുമായി അതിർത്തി പങ്കിടുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട്, ചെമ്പനോട, പന്നിക്കോട്ടൂർ, കൂവപ്പൊയിൽ, വട്ടക്കയം, ചെങ്കോട്ടക്കൊല്ലി, സീതപ്പാറ, പേരാമ്പ്ര എസ്റ്റേറ്റ് എന്നിവിടങ്ങളിൽ വന്യമൃഗങ്ങൾ ഭീഷണി ഉയർത്തുകയാണ്.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, വാർഡ് മെമ്പർ എം.എം. പ്രദീപൻ, മുൻ മെമ്പർ നടേരി ബാലകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.