പെരുമണ്ണയില്‍ ഗ്രാമവണ്ടി ഓടിത്തുടങ്ങി
1574553
Thursday, July 10, 2025 5:16 AM IST
കോഴിക്കോട്: പെരുമണ്ണ പഞ്ചായത്ത് ജനകീയാസൂത്രണ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടക്കം കുറിച്ച കെഎസ്ആര്‍ടിസി ഗ്രാമവണ്ടിയുടെ ഫ്ളാഗ് ഓഫ് വനംമന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു. സ്വന്തം കാലില്‍ നില്ക്കാന് കരുത്തുള്ളതാക്കി കെഎസ്ആര്‍ടിസിയെ മാറ്റാന്‍ പൊതുജനങ്ങളുടെ പിന്തുണയുണ്ടാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഉള്‍നാടന്‍ ഗതാഗത സൗകര്യ വികസനത്തിന് സഹായകരമായാണ് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നത്. പെരുമണ്ണ പഞ്ചായത്തിലെ ബസ് സര്‍വീസ് ഇല്ലാത്ത സ്ഥലങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് റൂട്ട് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 6.30ന് കോഴിക്കോട് നഗരത്തില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക.
റെയില്‍വേ സ്റ്റേഷനില്‍ പോയി പാലാഴി, പെരുമണ്ണ, ഊര്‍ക്കടവ്, എടവണ്ണപ്പാറ വരെ പോകും. തിരിച്ച് പെരുമണ്ണ, പുത്തൂര്‍മടം, പയ്യടി മീത്തല്‍, പാലാഴി, കോവൂര്‍ വഴി മെഡിക്കല്‍ കോളജില്‍ അവസാനിക്കും.
രാവിലെ 10.10നാണ് മെഡിക്കല്‍ കോളജില്‍ എത്തുക. പിന്നീട് 12.25, 3.50 എന്നീ സമയങ്ങളിലും എടവണ്ണപ്പാറയില്‍നിന്ന് പെരുമണ്ണ വഴി മെഡിക്കല്‍ കോളജിലേക്ക് വണ്ടി എത്തും. രാത്രി 7. 10 കോഴിക്കോട് നഗരത്തില്‍ റൂട്ട് അവസാനിക്കും.