നാദാപുരത്ത് അത്യാധുനിക ബസ് സ്റ്റാന്‍ഡും ഷോപ്പിംഗ് കോംപ്ലക്സും
1574804
Friday, July 11, 2025 5:19 AM IST
നാദാപുരം: നാദാപുരത്ത് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബസ് സ്റ്റാന്‍ഡും ഷോപ്പിംഗ് കോംപ്ലക്സും ഒരുക്കും. 21 ബസുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യത്തോടെയുള്ള ബേസ്മെന്റ്, ബസ്ബേ, വെയിറ്റിംഗ് ഏരിയ, സാനിറ്റേഷന്‍ കോംപ്ലക്സ്, ലൈബ്രറി ഹാള്‍, 200 പേര്‍ക്കിരിക്കാവുന്ന ശീതീകരിച്ച മിനി കോണ്‍ഫറസ് ഹാള്‍, കടമുറികള്‍, ലിഫ്റ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുക. കെട്ടിടത്തിന്റെ നിര്‍മിതി പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. സ്റ്റീല്‍ പ്രീ ഫാബ് സ്ട്രക്ചറിലാകും ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം.
കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റണമെന്ന് 2023ല്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളജിലെ സ്ട്രക്ചറല്‍ വിഭാഗം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടവും ബസ്ബേയും നിര്‍മിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ 2024 ആഗസ്റ്റ് 28ന് നിലവിലെ കെട്ടിടം പൊളിക്കല്‍ ആരംഭിച്ചു. ഇതോടെ കച്ചവടക്കാരും നാട്ടുകാരും ഒരുപോലെ ബുദ്ധിമുട്ടിലായിരുന്നു. സ്കൂള്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇരിപ്പിടമില്ലാതെ ബസ് കാത്തുനില്‍ക്കേണ്ട സ്ഥിതിയായിരുന്നു.
പുതിയ ബസ്സ്റ്റാന്‍ഡ് പദ്ധതിക്ക് 2025 മാര്‍ച്ച് അഞ്ചിനാണ് 13.76 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രവൃത്തി ഉദ്ഘാടനം 28ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അറിയിച്ചു.
ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാക്കാന്‍ 501 അംഗ കമ്മിറ്റിയും രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.