ജില്ലയിൽ ഹര്‍ത്താലായി ദേശീയ പണിമുടക്ക്
1574546
Thursday, July 10, 2025 5:16 AM IST
ബലപ്രയോഗവും ഭീഷണിയുമായി സമരാനുകൂലികള്‍
കോഴിക്കോട്: വിവിധ തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം. ഹര്‍ത്താലിന്റെ പ്രതീതി സൃഷ്ടിച്ച പണിമുടക്കില്‍ സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടന്നു. പൊതുഗതാഗത മേഖലയും സ്തംഭിച്ചു.
പോലീസ് സംരക്ഷണത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കോണ്‍വോയ് ആയി നാമമാത്ര സര്‍വീസുകള്‍ നടത്തി. അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാന അതിര്‍ത്തി മുതല്‍ പോലീസ് സംരക്ഷണത്തില്‍ ലക്ഷ്യ സ്ഥാനത്തെത്തിച്ചു.
ഓട്ടോ-ടാക്സി, സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണമായും പണിമുടക്കില്‍ പങ്കാളികളായി. കോഴിക്കോട് കോര്പറേഷന് ബേപ്പൂര്‍ സോണല്‍ ഓഫീസ്, മുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ പണിമുടക്കുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായി. വിവിധ സ്ഥലങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
ഫറോക്ക്: ഫറോക്കില്‍ മാധ്യമ പ്രവര്ത്തകന് നേരെ സമരാനുകൂലികളുടെ ആക്രമണമുണ്ടായി. ഫറോക്ക് ചെറുവണ്ണൂരില്‍ സ്വകാര്യ ഡെന്റല്‍ ക്ലിനിക്ക് സമരാനുകൂലികള്‍ അടപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എന്‍.വി. മുസമ്മിലിനെയാണ് മുപ്പതോളം വരുന്ന സംഘം ആക്രമിച്ചത്.
മുസമ്മിലിന്റെ ഐഡി കാര്‍ഡ് വലിച്ചു കീറിയ സംഘം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തതായി പരാതിയുണ്ട്. ബഹളം കേട്ട് സംഭവസ്ഥലത്തെത്തിയ നല്ലളം പോലിസ് സിഐയാണ് മാധ്യമ പ്രവര്‍ത്തകനെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ മുസമ്മില്‍ സംഭവത്തില്‍ നല്ലളം പോലിസില്‍ പരാതി നല്കി.
മുക്കം: ദേശീയ പണിമുടക്കില്‍ മുക്കം അടക്കമുള്ള ടൗണുകളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. മുക്കത്ത് തുറന്നു പ്രവര്‍ത്തിച്ച മത്സ്യ-മാംസ കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സമരക്കാര്‍ ബലമായി അടപ്പിച്ചു. മിനി സിവില്‍ സ്റ്റേഷന് പൂട്ടിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനും കാരണമായി.
മുക്കത്ത് പണിമുടക്കിനിടെ സംഘര്‍ഷാവസ്ഥയുമുണ്ടായി. മത്സ്യക്കടയില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന് സിപിഎം നേതാവ് ഭീഷണി മുഴക്കി. ഈ സമയമെല്ലാം അവിടെ ഉണ്ടായിരുന്ന മുക്കം പോലീസ് കടക്കാരന് സംരക്ഷണമൊരുക്കാന്‍ തയ്യാറായില്ല.
മുക്കം മിനി സിവില്‍ സ്റ്റേഷനിലെത്തിയ സമരാനുകൂലികള്‍ എ.ഇ.ഒ ഓഫീസ്, കൃഷിഭവന് എന്നിവിടങ്ങളിലുമെത്തി ജീവനക്കാര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സംസ്ഥാന പാതയോരത്തെ മുക്കം മാള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുകയും ചെയ്തു. ഈ സ്ഥലത്തും പോലീസുണ്ടായിരുന്നുവെങ്കിലും ഇടപെട്ടില്ല.
ബംഗളൂരുവിലേക്കുള്ള ദീര്‍ഘദൂര ബസ് ഏറെ നേരം തടഞ്ഞിട്ടതിനാല്‍ യാത്രക്കാരും വെട്ടിലായി. മുക്കത്ത് തുറന്ന് പ്രവര്‍ത്തിച്ച സ്വകാര്യ ബാങ്കുകളും സമരാനുകൂലികള്‍ അടപ്പിച്ചു.
കൊയിലാണ്ടി: ദേശീയ പൊതുപണിമുടക്ക് കൊയിലാണ്ടിയില്‍ ഹര്‍ത്താലായി മാറി. പക്ഷെ കൊയിലാണ്ടിയുടെ പ്രധാന വ്യാപാരകേന്ദ്രമായ ഫിഷിംഗ് ഹാര്‍ബറിനെ പണിമുടക്ക് ബാധിച്ചില്ല. ഇവിടെ നിന്നും മറ്റു സ്ഥലങ്ങളിലെക്ക് മത്സ്യ കയറ്റുമതി സജീവമായിരുന്നു. നിരവധിപേര്‍ മത്സ്യം വാങ്ങാനായി ഹാര്‍ബറിലെത്തി.
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ ദേശീയ പണിമുടക്ക് പൂര്‍ണം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയൊന്നും തുറന്നു പ്രവര്‍ത്തിച്ചില്ല. സ്കൂളുകളില്‍ നാമമാത്രമായി അധ്യാപകര്‍ എത്തിയെങ്കിലും വിദ്യാര്‍ഥികള്‍ കുറവായിരുന്നു. ടാക്സി വാഹനങ്ങളും മറ്റും സര്‍വീസ് നടത്തിയില്ല. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. അത്യാവശ്യം സ്വകാര്യ വാഹനങ്ങള്‍ ഓടി.