ഹരിത കര്‍മസേനയുടെ സാമ്പത്തികം: സമഗ്ര പരിശോധന നടത്തണമെന്ന് യുഡിഎഫ്
1574547
Thursday, July 10, 2025 5:16 AM IST
കോഴിക്കോട് : കോര്പറേഷന് ഹരിത കര്‍മസേനയുടെ സംഘാടനത്തെയും സാമ്പത്തിക മാനേജ്മെന്റിലുള്ള അവിഹിത ഇടപെടലിനെയും കുറിച്ച് സമഗ്ര പരിശോധന നടത്തണമെന്ന് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. സേനാംഗങ്ങളുടെ ജനാധിപത്യാവകാശം അനുവദിക്കുകയും വേണം.
യാതൊരുവിധ നിയമന ഉത്തരവുമില്ലാതെ ഓഫീസില്‍ അക്കൗണ്ടന്റ് വന്ന് ജോലി എടുക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. സ്ഥലം മാറി പോയ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ (എച്ച്ഐ) ഹരിത സേനയെ ഇപ്പോഴും ഭരിക്കുന്നത് ദുരൂഹമാണ്.
ഈ നിയമനത്തിന് പിന്നിലും ഇയാളുടെ കരങ്ങളുണ്ട്. മൂന്ന് കണ്സോഷ്യങ്ങള്ക്കും മേല്‍നോട്ടം വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റികളുടെയും എച്ച്ഐ.മാരും ഏകാധിപത്യ പ്രവണത അവസാനിപ്പിക്കണം.
തെറ്റു ചൂണ്ടിക്കാണിക്കുന്ന സേനാംഗങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന പ്രവണത സേനയെ തകര്‍ച്ചയിലേക്ക് തള്ളിവിടും. അവരുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം ചൂഷണം ചെയ്യരുത്. സേനാംഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലാത്ത കോര്‍ കമ്മിറ്റി അധികാര കേന്ദ്രമായി സേനയുടെ ഭീമന് ബാങ്ക് നിക്ഷേപത്തിന് മുകളില്‍ നടത്തുന്ന നീക്കം ക്രമക്കേടിന് ആക്കം കൂട്ടും.
സേനാംഗങ്ങള്‍ കലക്ട് ചെയ്യുന്നവയും ഏജന്‍സി കൊണ്ട് പോകുന്നവയും തമ്മില്‍ അന്തരമുണ്ട്. ഇവയെ സംബന്ധിച്ച് നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കാതിരുന്നത് സംശയകരമാണ്. ഇതേ കുറിച്ച് സമഗ്ര പരിശോധനക്ക് തയാറായാല്‍ തെളിവ് നല്കാന് തയാറാണെന്നും കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.സി. ശോഭിതയും ഡെപ്യൂട്ടി ലീഡര്‍ കെ.മൊയ്തീന് കോയയും വ്യക്തമാക്കി.