കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം വേണം: ആർജെഡി
1574549
Thursday, July 10, 2025 5:16 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ തേനരുവി ഭാഗത്ത് കാട്ടാന ശല്യംരൂക്ഷമായ സാഹചര്യത്തിൽ ഡിഫ്ഒ സന്ദർശിക്കുകയും സ്ഥലത്ത് ആന ഇറങ്ങാതിരിക്കുന്നതിന് ആധുനികതയിലുള്ള ഫെൻസിംഗ് സ്ഥാപിക്കണമെന്നും ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
തേനരുവിയിൽ ആന വീട്ടുമുറ്റത്തെ ജീപ്പ് മറിച്ചിട്ട ഏറ്റുമാനൂർകാരൻ ജോസുകുട്ടിയുടെ കുടുംബത്തെ ആർജെഡി നേതാക്കൾ സന്ദർശിച്ചു. സ്ഥിരമായി ആനയിറങ്ങുന്ന പ്രദേശമായതിനാൽ ആർആർടിയുടെ സാന്നിധ്യം മുഴുവൻ സമയവും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് 11ന് പീടിക പാറയിൽ ജനകീയ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
പി.എം. തോമസ്, വിൽസൺ പുല്ലുവേലിൽ, ജോർജ് മങ്കരയിൽ, മാത്യു വർഗീസ്, തോമസ് പ്ലാക്കാട്ട്, ജിൻസ് ഇടമനശേരി, ജോസ് കള്ളിപ്പാറ, അരുൺ മുകേഷ് എന്നിവരാണ് പ്രദേശം സന്ദർശിച്ചത്.