വായന പക്ഷാചരണത്തിന് സമാപനം
1574808
Friday, July 11, 2025 5:19 AM IST
കോഴിക്കോട്: വായനയുടെ പ്ലാറ്റ്ഫോമുകളും രീതികളും മാത്രമാണ് മാറുന്നതെന്നും വായന നിലയ്ക്കുന്നില്ലെന്നും സെമിനാര്‍. ഏത് പ്ലാറ്റ്ഫോമിലൂടെ വായിച്ചാലും വായനാനുഭവം ഒരുപോലെയാണെന്നും വായനയിലൂടെ വ്യക്തി എന്ത് ഉള്‍ക്കൊള്ളുന്നു എന്നതാണ് പ്രധാനമെന്നും ഡിജിറ്റല്‍ വായനയില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.
വായന പക്ഷാചാരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കാലിക്കട്ട് യൂണിവേഴ്സിറ്റി ജില്ലാ എന്‍എസ്എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ വായന പക്ഷാചരണ സമാപനത്തിന്റെ ഭാഗമായി ഡിജിറ്റല്‍ വായന എന്ന വിഷയത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സെമിനാറിലാണ് പുതുവായന ചര്‍ച്ചയായത്.
ഫാറൂഖ് ട്രെയിനിംഗ് കോളജില്‍ നടന്ന സെമിനാര്‍ ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍ സാങ്കേതിക വിദ്യകള്‍ വായനയും എഴുത്തും കൂടുതല്‍ ജനകീയമാക്കിയെന്ന് ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ കൂടുതല്‍ സമയം വായനക്കായി മാറ്റിവെക്കാന്‍ തയാറാവണമെന്നും അവര്‍ പറഞ്ഞു. ഫാറൂഖ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ടി മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.