വിദേശയാത്ര: പാസ്പോർട്ടിന് ഒരു വർഷം എങ്കിലും കാലാവധി ഉറപ്പാക്കണമെന്ന് നിര്‍ദേശം
1574802
Friday, July 11, 2025 5:19 AM IST
കോഴിക്കോട്: വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർ പാസ്പോര്‍ട്ടിന് ഒരു വർഷമെങ്കിലും കാലാവധി ഉണ്ടെന്നുറപ്പാക്കണമെന്നു റീജണല്‍ പാസ്പോർട്ട് ഓഫീസ്. പാസ്പോർട്ട് കാലാവധി ഇല്ലാത്തതിനാൽ യാത്ര മുടങ്ങുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നതിനാലാണിത്.
വിനോദയാത്രയ്ക്ക് ടിക്കറ്റ് എടുത്ത ശേഷം, പാസ്പോർട്ടിന് 6 മാസം കാലാവധി ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷം ഒട്ടേറെ പേരുടെ യാത്ര മുടങ്ങിയതായി റീജനൽ പാസ്പോർട്ട് ഓഫീസർ പറഞ്ഞു. വിമാന നിരക്ക് കുറവായിരിക്കുമെന്നതിനാൽ, ട്രാവൽ ഏജൻസി വഴി നേരത്തെ തന്നെ ടൂർ പാക്കേജ് ബുക്ക് ചെയ്യുന്നവരാണധികവും. യാത്രയുടെ അന്നോ തലേന്നോ മാത്രമേ പലരും പാസ്പോർട്ട് നോക്കാറുള്ളൂ.
പാസ്പോർട്ടിന് 6 മാസം കാലാവധിയില്ലെങ്കിൽ പല രാജ്യങ്ങളും വീസ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.കുടുംബത്തിൽ ഒരാൾക്കു മാത്രം യാത്ര ചെയ്യാൻ കഴിയാതെ പോയ സംഭവങ്ങൾ ആവർത്തിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ട് പാസ്പോർട്ട് കിട്ടണമെന്ന ആവശ്യവുമായാണ് ഇത്തരം ആളുകൾ പാസ്പോർട്ട് ഓഫിസിലെത്തുക.
തൊഴിൽ, വിദ്യാർഥി വീസകളിൽ യാത്ര ചെയ്യുന്നവരും ഇതുപോലെ കുടുങ്ങാറുണ്ട്. പലപ്പോഴും ട്രാവൽ ഏജന്റുമാരും പാസ്പോർട്ടിന്റെ കാലാവധി ശ്രദ്ധിക്കാറില്ല. ഹജ്, ഉംറ യാത്രയ്ക്ക് ഒരുങ്ങുന്നവരും പാസ്പോർട്ടിന്റെ കാലാവധി ഒരു വർഷമെങ്കിലു ഉണ്ടെന്ന് ഉറപ്പാക്കണമെന്നുംഅധികൃതര് അറിയിച്ചു. പാസ്പോർട്ടിലെ വിശദാംശങ്ങളിൽ മാറ്റം വരുത്താൻ ഇപ്പോൾ എളുപ്പമാണ്.
www.Passportindia.Gov.in എന്ന സൈറ്റിലും passportseva ആപ്പിലും വിശദാംശങ്ങൾ ലഭ്യമാണ്.