സംസ്ഥാന പാതയോരത്ത് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം
1574548
Thursday, July 10, 2025 5:16 AM IST
മുക്കം: മലയോര മേഖലയിൽ സംസ്ഥാന പാതയോരത്തും ജനവാസം കുറഞ്ഞ പ്രദേശങ്ങളിലും ലഹരി മാഫിയയും മോഷണസംഘവും വ്യാപിക്കുന്നു. കോഴിക്കോട്- മലപ്പുറം ജില്ല അതിർത്തിയോടു ചേർന്ന കാരശേരി പഞ്ചായത്തിലെ ആദംപടി, വെല്ലാറ, തോണിച്ചാൽ, ഗോതമ്പ റോഡ് ഭാഗങ്ങളിലാണ് സാമൂഹിക വിരുദ്ധരുടെ ശല്യം കൂടിയതായി പരാതി ഉയർന്നത്.
വല്ലാറ റബർ എസ്റ്റേറ്റിൽനിന്ന് പാൽ, ഷീറ്റ്, ഒട്ടുപാൽ, റാട്ട തുടങ്ങിയവ കളവ് പോകുന്നത് പതിവാണ്.റബർ തോട്ടങ്ങൾ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിരിക്കുകയാണ്. കഴിഞ്ഞദിവസം വെല്ലാറയിലെ തന്റെ ഷെഡിൽ സൂക്ഷിച്ച റബർ ഷീറ്റുകൾ കളവുപോയതായി ചിറ്റാറിപ്പിലാക്കൽ പ്രഫ. സി.കെ. അഹമദ് പറഞ്ഞു.
മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പക്ഷേ നടപടികളൊന്നും ഉണ്ടായിട്ടില്ല. പകലിലും ഇവിടെ ലഹരി സംഘങ്ങൾ ചുറ്റി കറങ്ങുന്നതായി നാട്ടുകാരും പറഞ്ഞു. ഇതിനിടെ കൊയിലാണ്ടി എടവണ്ണ റോഡില്‍ ഗോതമ്പറോഡിൽ സൂപ്പര്‍മാര്‍ക്കറ്റില്‍ ഗ്ലാസിന്റെ പൂട്ട് പൊട്ടിച്ച് രാത്രിയില്‍ മോഷണം നടന്നു.
രാവിലെ കടതുറക്കാന്‍ എത്തിയ ജീവനക്കാരാണ് പൂട്ട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. സംസ്ഥാന പാതയോരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ രാത്രിയിലും ആളൊഴിഞ്ഞ സമയങ്ങളിലും ലഹരി മാഫിയകളുടെ കേന്ദ്രമായി മാറുന്നുണ്ട്.
ഇടയ്ക്ക് പോലീസ് പിടികൂടാറുണ്ടെങ്കിലും പോലീസിന്റെ ശ്രദ്ധയും നടപടിയും പോരെന്നാണ് നാട്ടുകാർ പറയുന്നത്.