കർഷകരുടെ വിളകൾക്ക് ഇൻഷ്വറൻസ് ഉറപ്പുവരുത്തണം: കർഷക കോൺഗ്രസ്
1575080
Saturday, July 12, 2025 5:09 AM IST
കൂടരഞ്ഞി: വനാതിർത്തിയിലുള്ള കാർഷികവിളകൾക്ക് കാർബൺ ഫണ്ട് ഉപയോഗിച്ച് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്നും വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിച്ചാൽ അഞ്ച് ലക്ഷം രൂപയിൽ കുറയാത്ത നഷ്ട പരിഹാരം നൽകണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യൂസ് ആവശ്യപ്പെട്ടു.
കാട്ടാന ജീപ്പ് തള്ളി മറിച്ച പീടികപ്പാറ തേനരുവി ഏറ്റുമാനുക്കാരൻ ജോസഫ് ഏബ്രഹാമിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂക്ഷമായ കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരം കാണാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും സമരത്തിന്റെ ആദ്യപടിയായി താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് 22 ന് മാർച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ, മില്ലി മോഹൻ, സണ്ണി കാപ്പാട്ടുമല, എം. സിറാജ്ജുദിൻ, തമ്പി പറകണ്ടം, സണ്ണി പെരുകിലം തറപ്പേൽ, അഡ്വ. സിബു തോട്ടത്തിൽ, ദേവസ്യ ചോള്ളാമടം, അനിഷ് പനച്ചിയിൽ, ജോർജ് കുട്ടി കക്കാടംപൊയിൽ, നിസാറ ബിഗം, ജോഷി കുമ്പുക്കൽ, ബെന്നി ആലപ്പാട്ട് എന്നിവർ സംഘത്തിലുണ്ടായിരുന്നു.