ശുചിത്വത്തിൽ മാതൃക തീർത്ത് കടലും തീരവും
1575075
Saturday, July 12, 2025 5:09 AM IST
കോഴിക്കോട്: ശുചിത്വസാഗരം സുന്ദര തീരം പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ കോഴിക്കോട് ജില്ല മുന്നോട്ട് വെക്കുന്നത് ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ വിജയഗാഥ. കടലിലും തീരത്തും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ശുചിത്വസാഗരം സുന്ദര തീരം. പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിനുള്ള സംസ്ഥാനതല അവാര്‍ഡ് കോഴിക്കോട് ജില്ലയ്ക്ക് ലഭിച്ചതായി മന്ത്രി സജി ചെറിയാന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കടല്‍ത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്നതില്‍ ഏറ്റവും മികച്ച പങ്ക് വഹിച്ചതിനാണ് പുരസ്കാരം. മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം, യുവജനകാര്യം, വിനോദ സഞ്ചാരം വകുപ്പുകളുടെയും അവയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍, സംഘങ്ങള്‍, സന്നദ്ധ സേവകര്‍ എന്നിവരുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കിയത്.
ജില്ലയിൽ അഴിയൂര്‍ പഞ്ചായത്തിലെ എരിക്കല്‍ ബീച്ച് മുതല്‍ കടലുണ്ടി പഞ്ചായത്തിലെ വാക്കടവ് കോര്‍ണിഷ് മസ്ജിദ് വരെ ഓരോ കിലോമീറ്റര്‍ ഇടവെട്ട് സജ്ജീകരിച്ച 72 ആക്ഷന്‍ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ഇതിന്റെ മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും, വിവിധ വകുപ്പുകളെയും സംയോജിപ്പിച്ച് ആക്ഷന്‍ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടിയുടെ വിജയത്തിനായി വിവിധ സംഘാടക സമിതികള്‍ രൂപീകരിക്കുകയുയും ചെയ്തു.