മണിയൂരില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
1575266
Sunday, July 13, 2025 5:43 AM IST
വടകര: മണിയൂരില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുറക്കാട് കിടഞ്ഞിക്കുന്ന് ലക്ഷംവീട് കോളനിയില്‍ സമീറാണ് (28) പയ്യോളി പോലീസിന്റെ പിടിയിലായത്. ആറു പേരടങ്ങിയ അക്രമി സംഘത്തിലെ മറ്റുള്ളവര്‍ ഒളിവിലാണെന്നാണ് വിവരം.
മണിയൂര്‍ അട്ടക്കുണ്ട് എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കു നേരെയാണ് അക്രമമുണ്ടായത്. ഇക്കഴിഞ്ഞ എട്ടിന് ഉച്ചക്കു ശേഷമെത്തിയ ആറംഗ സംഘം ഡോക്ടറെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
പിടിയിലായ സമീര്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞ മാസം നാട്ടിലെത്തിയ ഇയാള്‍ കേസില്‍ അഞ്ചാം പ്രതിയാണ്.
ചിറക്കര സ്വദേശികളായ മരക്കാട്ട് താഴെകുനി നിഹാല്‍ (27), മീത്തലെ കേളന് കണ്ടി ഉനൈസ് (28), ഒറ്റമരക്കാട്ടില്‍ റമീസ് (24), മണപ്പുറത്ത് നഫാഫ് (23) എന്നിവരും പ്രതികളാണെന്ന് പയ്യോളി പോലീസ് അറിയിച്ചു.
ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായി ഊര്‍ജിതാന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.