പാലം പണി തുടങ്ങിയതോടെ ദുരിതത്തിലായി വിദ്യാർഥികൾ
1575261
Sunday, July 13, 2025 5:34 AM IST
പുല്ലൂരാംപാറ: കാളിയാമ്പുഴ പാലം പണിയോടെ ബസ് റൂട്ട് പുന്നക്കൽ വഴി തിരിച്ചുവിടുന്നതിനാൽ ദുരിതത്തിലായി വിദ്യാർഥികൾ. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് പ്രയാസം അനുഭവിക്കുന്നത്.
മലയോര മേഖലയായ ആനക്കാംപൊയിൽ, മുത്തപ്പൻ പുഴ, കരിമ്പ്, മറിപ്പുഴ എന്നീ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികളാണ് ബസ് ഇല്ലാതെ ബുദ്ധിമുട്ടുന്നത്. മഴ കനത്തതോടുകൂടി നടന്നു പോകാനും പറ്റാത്ത സ്ഥിതിയാണ്.
മലവെള്ളപ്പാച്ചിലും മലയിടിച്ചിലുമൊക്കെ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. സ്കൂൾ അധികൃതർ ഗതാഗത മന്ത്രിക്കും എംഎൽഎയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.
രാവിലത്തെ ഒരു ട്രിപ്പ് തിരുവമ്പാടിയിൽ നിന്നും പുന്നക്കൽ വഴി വരുന്ന ബസ് ബഥാനിയ വഴി പള്ളിപ്പടിയിൽ എത്തുകയും ആനക്കാംപൊയിൽ നിന്നും വരുന്ന ബസ് പള്ളിപ്പടിയിലെത്തി ബഥാനിയ വഴി തിരുവമ്പാടിയിൽ എത്തിച്ചേരുന്ന രീതിയിൽ ക്രമീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
എത്രയും വേഗം കാളിയാമ്പുഴ പാലം പണി പൂർത്തീകരിക്കണമെന്നും നാട്ടുകാർ ആവശ്യം ഉയർത്തുന്നുണ്ട്.