നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു
1575630
Monday, July 14, 2025 5:15 AM IST
കോഴിക്കോട്: കുറ്റിച്ചിറ കുളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി യഹിയ (17) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ഫയര്‍ ഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
ബീച്ചില്‍ ഫുട്ബോള്‍ കളിച്ചശേഷം കൂട്ടുകാര്‍ക്കൊപ്പം കുറ്റിച്ചിറയില്‍ നീന്താന്‍ എത്തിയതായിരുന്നു യഹിയ. കുറ്റിച്ചിറയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും വിദ്യാര്‍ഥികളടക്കം ഇവിടെ നിരവധി പേര് നീന്താനും നീന്തല്‍ പരിശീലനത്തിനും എത്താറുണ്ട്. ലൈഫ് ജാക്കറ്റുകളടക്കം ആവശ്യത്തിന് സംവിധാനങ്ങളില്ലാതെയാണ് നീന്തല്‍ പരിശീലനമെന്നും ഭാവിയിലും ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.
യഹിയ ഇത്തവണ പയ്യാനക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷ ജയിച്ചിരുന്നു. മാതാവ്: ആയിഷ. സഹോദരങ്ങള്‍: അക്ബര്‍, സാഹില്‍.