കായകൽപ് പുരസ്കാര നിറവിൽ വീണ്ടും കോട്ടപ്പറമ്പ് ആശുപത്രി
1575629
Monday, July 14, 2025 5:15 AM IST
കോഴിക്കോട്: കായകൽപ് പുരസ്കാര നിറവിൽ വീണ്ടും കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. സ്ത്രീകളുടെയും കുട്ടികളുടടെയും ആശുപത്രി വിഭാഗത്തിൽ മലപ്പുറം നിലമ്പൂര് ജില്ലാ ആശുപത്രി രണ്ടാംസ്ഥാനം (20 ലക്ഷം രൂപ) പങ്കിട്ടത്. 92 മാർക്കാണ് നേടിയത്. മാസം 300മുതൽ 350വരെ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നാണിത്.
വിക്ടോറിയ രാജ്ഞിയുടെ സ്മരണയ്ക്കായി ആരംഭിച്ച മലബാറിലെ ആദ്യത്തെ എൻഎബിഎച്ച് അക്രഡിറ്റഡ് ആശുപത്രിയും കോട്ടപ്പറമ്പാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് 3.12 ഏക്കറിൽ അതിമനോഹരമായ പൂന്തോട്ടങ്ങൾക്കിടയിലുള്ള ആശുപത്രി രോഗികൾക്ക് ആശ്വാസമാണ്. 345 കിടക്കകളുണ്ട്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരങ്ങൾ, എൻഎബിഎച്ച് അക്രഡിറ്റേഷൻ, ലക്ഷ്യ, എൻക്യുഎഎസ്, മികച്ച ബ്ലഡ് ബാങ്കിനുള്ളവ തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇതിനകം ആശുപത്രിയെ തേടിയെത്തി. 2022ൽ സ്ഥാപിച്ച വന്ധ്യതാനിവാരണ ക്ലിനിക്കിലെ ചികിത്സയിലൂടെ നാൽപ്പതോളം സ്ത്രീകളാണ് പ്രസവിച്ചത്. സംസ്ഥാനത്താകെ അഞ്ച് സർക്കാർ ആശുപത്രികളിലാണ് ക്ലിനിക്കുള്ളത്.
ലെവൽ രണ്ടിലേക്ക് ക്ലിനിക്കിനെ ഉയർത്താനുള്ള നടപടി പുരോഗമിക്കയാണ്. അമ്മയുടെ പാൽ ശേഖരിച്ചുവച്ച് കുഞ്ഞിന് നൽകുന്ന ലാക്ടേഷൻ മാനേജ്മെന്റ് യൂണിറ്റും ഇവിടെയുണ്ട്.
പ്രസവത്തോടനുബന്ധിച്ച് സൗജന്യ യാത്രാസൗകര്യവുമുണ്ട്. ഹോർമോൺ അനലൈസർ ഉൾപ്പെടെ നൂതന ഉപകരണങ്ങളും ലഭ്യമാണ്. സ്ത്രീകളുടെ വിഭാഗത്തിൽ എട്ടും കുട്ടികളുടെ വിഭാഗത്തിൽ നാലും ഡോക്ടർമാരാണുള്ളത്. ദിവസേന കാൻസർ സ്ക്രീനിംഗും നടക്കുന്നു. ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായാണ് കായകൽപ് പുരസ്കാരം നൽകുന്നത്.