കക്കാടംതോട് നവീകരണം നീളുന്നു; ഇനി വേണ്ടത് മൂന്ന് കോടി കൂടി
1575640
Monday, July 14, 2025 5:32 AM IST
കർഷകരുടെ ആവശ്യം പരിഗണിച്ചത് ജില്ലാ പഞ്ചായത്ത് മാത്രം
കാരശേരി: മണ്ണും കല്ലും ചെളിയും മാലിന്യങ്ങളുമെല്ലാം അടിഞ്ഞുകൂടി കിടന്ന കക്കാടം തോട് നവീകരിക്കാനുള്ള കർഷകരുടെ ആവശ്യം പരിഹരിക്കാതെ തുടരുന്നു. ജില്ലാ പഞ്ചായത്ത് മാത്രമാണ്എന്തെങ്കിലും ഇടപെടൽ നടത്തിയത് .
തോട് നവീകരിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചതായി വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.പി.ജമീല അറിയിച്ചു.
കഴിഞ്ഞ വർഷവും 25 ലക്ഷം അനുവദിച്ചിരുന്നു. എന്നാൽ തോടു നവീകരിക്കാൻ വേണ്ടത് 3.5 കോടി ആണ്. ഇതുവരെ ആകെ ലഭിച്ചത് അര കോടി മാത്രം. മൂന്നു കോടി രൂപ കൂടി ലഭിച്ചാലേ തോട് നവീകരിച്ച് പൂർണമായും കർഷകർക്കും നാട്ടുകാർക്കും ഉപയോഗപ്രദമാകൂ. കഴിഞ്ഞവർഷം അനുവദിച്ച തുക കൊണ്ട് 150 മീറ്ററോളമാണ് തോടു നവീകരിക്കാൻ സാധിച്ചത്. ഇപ്പോൾ അനുവദിച്ച തുകകൊണ്ട് ഇത്രയും കൂടിയേ നവീകരിക്കാൻ സാധ്യതയുള്ളൂ.
മുഖ്യമന്ത്രിയുടെ 2023 ലെ നവകേരള സദസിൽ ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും രണ്ടു കിലോമീറ്റർ നീളത്തിൽ തോട്ടിലെ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് രണ്ടു മീറ്റർ ഉയരത്തിൽ ഇരുവശങ്ങളിലും കരിങ്കൽ ഭിത്തി കെട്ടി തോട് സംരക്ഷിക്കേണ്ടതാണെന്ന് ചെറുകിട ജലസേചന വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്ക് 3.5 കോടി രൂപ വേണ്ടിവരുമെന്നും ഫണ്ട് ലഭ്യമാകുന്ന മുറക്ക് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതാണെന്ന് ചെറുകിട ജലസേചന വകുപ്പ് കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നിവേദനം നൽകിയവർക്ക് മറുപടിയും നൽകിയിരുന്നു. പക്ഷേ ഇതുവരെയും ഇതു സംബന്ധിച്ച മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല.
കൊടിയത്തൂർ പഞ്ചായത്തിലെ തോണിച്ചാൽ, ബെല്ലാറ മലകളിൽ നിന്നും ഉത്ഭവിച്ച് രണ്ട് തോടുകളായി ഒഴുകി കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ രണ്ട് കലുങ്ക് വഴി കടന്ന് ശേഷം ഒന്നായി സംഗമിച്ച് കൊടിയത്തൂർ, കാരശേരി പഞ്ചായത്തുളിലൂടെ ഒഴുകി കോട്ടമുഴിൽവച്ച് ഇരുവഞ്ഞിപ്പുഴയിൽ സംഗമിക്കുന്നതാണ് കക്കാടം തോട്. നിരവധി കൈത്തോടുകളും ഈ തോട്ടിൽ വന്നുചേരുന്നുണ്ട്.
കൃഷിക്കും മീൻ പിടിക്കാനും അലക്കാനും കുളിക്കാനും കുട്ടികൾക്ക് നീന്തൽ പഠിക്കാനും ഒരു പ്രദേശത്തിന്റെ മുഴുവനും കിണറുകളിലെ ജല ശ്രോതസായും നിലനിന്നതാണ് ഈ തോട്. ആവശ്യമായ തുക അനുവദിച്ച് തോട് സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.