പതിനഞ്ചുമാസം പിന്നിട്ടു : ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് അഗ്രഗേറ്റര്‍ നയം നടപ്പാക്കിയില്ല
1575626
Monday, July 14, 2025 5:15 AM IST
കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്സികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അഗ്രഗേറ്റര്‍ നയം പുറത്തിറക്കി പതിനഞ്ചുമാസം പിന്നിട്ടിട്ടും ഇതുവരെ നടപ്പാക്കിയില്ല. നയം നടപ്പാക്കാന്‍ വീണ്ടും ഹൈേക്കാടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് യൂണിയന്. നേരത്തെ യൂണിയന് ഹൈക്കേടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് അഗ്രഗേറ്റര്‍ നയം പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിനാണ് അഗ്രഗേറ്റര്‍ നയം സംസ്ഥാനത്ത് പുറത്തിറക്കിയത്. 2020-ലെ കേന്ദ്ര സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന അഗ്രഗേറ്റ് പോളിസിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് സംസ്ഥാനത്ത് ഈ നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ഏകീകൃത കൂലിയും യാത്രക്കാര്‍ക്ക് പരിരക്ഷയും ഉറപ്പുനല്‍കുന്നതാണ് ഈ നയം. ഇതു നടപ്പാക്കുന്നതോടെ ഓണ്‍ലൈന്‍ ടാക്ലി വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് അനുമതി വാങ്ങേണ്ടിവരും.
സംസ്ഥാനത്ത് നിലവില്‍ 20,000 ഓണ്‍ലൈന്‍ ടാക്സി വാഹനങ്ങള്‍ ഓടുന്നുണ്ടെന്നാണ് കണക്ക്. ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഓണ്‍ലൈന്‍ ടാക്സികള്‍ ഉള്ളത്. ഊബര്‍, ഓല, കേരള സവാരി, ജുബ്നോ, റാപിഡോ, യാത്രി തുടങ്ങിയവതാണ് പ്രധാനമായും സര്‍വീസ് നടത്തുന്നവ. മറ്റു ടാക്സിക്കാര്‍ അമിതമായി കൂലി വാങ്ങുമ്പോള്‍ കുറഞ്ഞ നിരക്കിലാണ് ഇത്തരം ഓണ്‍ലൈന്‍ വാഹനങ്ങളുടെ ചാര്‍ജ്.
സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവരാണ് പ്രധാനമായും ഓണ്‍ലൈന്‍ വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നത്. ചെറുപ്പക്കാരും ബുക്ക് ചെയ്യുന്നുണ്ട്.നിലവില്‍ ബുക്കിംഗ് കുറവായതാണ് ഓണ്‍ ലൈന്‍ ടാക്സികള്‍ നേരിടുന്ന പ്രതിസന്ധി. വാഹനങ്ങളുെട എണ്ണം കൂടിയത് ജോലിസാധ്യതയെ ബാധിക്കുന്നുണ്ട്.
നിലവില്‍ ഒരു വാഹനത്തിനു ആയിരത്തില്‍താഴെ വരുമാനംമാത്രമാണുള്ളതെന്ന് ഓണ്‍ ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. ഓണ്‍ലൈന്‍ ടാക്സികളുടെ കൂലി ഏകീകരിക്കുന്നതിനു ഇടപെടല്‍ ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് യൂണിയന് സര്‍ക്കാറിനു നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ നടപടിയുണ്ടാകാത്തിനത്തെുടര്ന്നാണ് സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നതെന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് യുണിയന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി സന്തോഷ് നെച്ചൂളി പറഞ്ഞു. ഇതില്‍ ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു.