കുളത്തുവയലില്‍ ഗ്രോട്ടോകള്ക്കു നേരെ ആക്രമണം
1575974
Tuesday, July 15, 2025 7:48 AM IST
കൂരാച്ചുണ്ട്: കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ഥാടന കേന്ദ്രം ഇടവകയുടെ കീഴില്‍ റോഡരികില്‍ സ്ഥാപിച്ച ഗ്രോട്ടോകള്ക്കു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഗ്രോട്ടോകളുടെ ചില്ലുകള്‍ തകര്‍ത്തു.
രണ്ടു ദിവസങ്ങളിലായാണ് അതിക്രമം നടത്തിയത്. ചെമ്പ്ര ടൗണില്‍ നിന്നും തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള റോഡില്‍ കുരിശിന്റെ വഴി നടത്തുന്നതിനായി ആറും ഏഴും സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഗ്രോട്ടോകളുടെ ചില്ലുകളാണ് തകര്‍ത്ത നിലയില്‍ കണ്ടത്. ഒരു ഗ്രോട്ടോയുടെ ഉള്ളില്‍ കല്ലും കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് ഒരു ഗ്രോട്ടോയുടെ ചില്ല് തകര്‍ത്ത നിലയില്‍ ഇടവകക്കാര് കണ്ടത്. മറ്റെന്തെങ്കിലും വീണു ചില്ല് തകര്‍ന്നതെന്നാണ് കരുതിയിരുന്നത്.
ഇന്നലെ വൈകിട്ട് വീണ്ടും സമീപത്തുള്ള മറ്റൊരു ഗ്രോട്ടോയുടെ ചില്ലും തകര്‍ത്ത നിലയില്‍ കണ്ടതോടെയാണ് അതിക്രമം നടന്നതായി മനസിലായത്. തുടര്‍ന്ന് പള്ളി കമ്മിറ്റി പെരുവണ്ണാമൂഴി പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.