ബേപ്പൂരിലെ ഏഴ് കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കും
1575968
Tuesday, July 15, 2025 7:48 AM IST
കോഴിക്കോട്: ബേപ്പൂര്‍ വില്ലേജിലെ പുലിമുട്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ തീരുമാനം. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍പറേഷന്‍തല ഭൂമി പതിവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സര്‍വേ നമ്പര്‍ 96ലെ പുറമ്പോക്കില്‍ 25 വര്‍ഷത്തിലേറെയായി ഭൂമി കൈവശം വച്ചുവരുന്ന ഏഴ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് ഭൂമി പതിച്ചുനല്‍കുന്നത്. ജൂലൈ 16ന് കോവൂര്‍ കൃഷ്ണപിള്ള മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന പട്ടയമേളയില്‍ രേഖകള്‍ കൈമാറും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
1995ലെ മുനിസിപ്പല്‍ കോര്പ്പറേഷന് പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമാണ് ഭൂമി പതിച്ച് നല്‍കുന്നത്. യോഗത്തില്‍ ഭൂപരിഷ്കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.