കോര്‍പറേഷനിലേക്കുള്ള ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം
1575979
Tuesday, July 15, 2025 7:49 AM IST
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ അഴിമതിയും ദുര്‍ഭരണവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര വികസന പദ്ധതികള്‍ കോര്പറേഷന് അട്ടിമറിക്കുന്നതിനെതിരെയും ബിജെപി നടത്തിയ കോര്പറേഷന് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം.
പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് കോര്പറേഷന് ഓഫീസ് േകാമ്പൗണ്ടില്‍ പ്രവര്‍ത്തകര്‍ കയറി. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകെര പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു.
ബിജെപി സിറ്റി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്പറേഷന് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
നാലര പതിറ്റാണ്ടുകാലമായി കോഴിക്കോട് കോര്‍പറേഷനില്‍ സിപിഎമ്മിന്റെ ദുര്‍ഭരണം നടക്കുകയാണെന്നും ഈ അഴിമതി ഭരണത്തുടര്‍ച്ചയ്ക്ക് അറുതിവരുത്തുന്നതു വരെ സമരം തുടരുമെന്നും കൃഷ്ണദാസ് പറഞ്ഞു. സിപിഎമ്മിന് കോര്പറേഷന് ഭരണം കറവപ്പശുവാണ്. വോട്ട് ചെയ്ത് ഭരണത്തിലേറ്റിയ ജനങ്ങളെ കറിവേപ്പില പോലെയാണ് കണക്കാക്കുന്നത്.
നിര്‍മാണ കുംഭകോണം, നികുതി കുംഭകോണം, നിയമന കുംഭകോണം എന്നിങ്ങനെ കോടികളുടെ കുംഭകോണമാണ് കോര്‍പറേഷനില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സിറ്റി ജില്ല പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു അധ്യക്ഷത വഹിച്ചു. നേതാക്കളായ വി. ഉണ്ണികൃഷ്ണന്, കെ.പി. ശ്രീശന്, നവ്യ ഹരിദാസ്, ടി.വി. ഉണ്ണികൃഷ്ണന്, എം. സുരേഷ്, എന്‍.പി. രാധാകൃഷ്ണന്, കെ. ഗണേഷ് എന്നിവര്‍ പ്രസംഗിച്ചു.