കോഴിക്കോട് കളക്ടറേറ്റിനെ വിവരാവകാശ സൗഹൃദമായി പ്രഖ്യാപിക്കും
1575967
Tuesday, July 15, 2025 7:48 AM IST
കോഴിക്കോട്: വിവരാവകാശ നിയമം പൂര്‍ണമായി നടപ്പാക്കിയ ദിനമായ ഒക്ടോബര്‍ 12ന് കോഴിക്കോട് കളക്ടറേറ്റിനെ വിവരാവകാശ സൗഹൃദമായി പ്രഖ്യാപിക്കുമെന്നു സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന് പറഞ്ഞു.
വിവരാവകാശ സൗഹൃദ കളക്ടറേറ്റ് പ്രഖ്യാപനത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷനും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച വിവരാവകാശ നിയമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ക്ക് വിവരാവകാശ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവുകയും കൃത്യമായ വിവരങ്ങള്‍ വേഗത്തില്‍ അപേക്ഷകന് ലഭ്യമാക്കുകയും വേണം. ഇതില്ലാതാവുമ്പോഴാണ് തെറ്റായ വാര്‍ത്തകളും വിവരങ്ങളും പ്രചരിക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.
സെമിനാറില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പ് മേധാവികളും അപ്പലേറ്റ് അഥോറിറ്റി, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ എന്നിവരും പങ്കാളികളായി. വിവരാവകാശ നിയമം വകുപ്പ് നാലില്‍ പ്രതിപാദിച്ച പ്രകാരം എല്ലാ ഓഫീസുകളിലെയും വിവരങ്ങള്‍ ക്രോഡീകരിച്ച് കാറ്റലോഗ് ചെയ്ത് കമ്പ്യൂട്ടറിലൂടെ ലഭ്യമാക്കല്‍, ഓഫീസ് വെബ്സൈറ്റിലെ വിവരങ്ങള്‍ കാലികമാക്കല്‍, വിവരാവകാശവുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ക്യാമ്പയിന് കാലയളവില്‍ നടത്തും.
കമ്മീഷന്റെ നേതൃത്വത്തില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി എല്ലാ ഓഫീസുകളിലും പരിശോധനയും നടത്തും. സെമിനാറില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു.