പശുക്കടവില്‍ ഉരുള്‍പൊട്ടല്‍ ? നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി
1576502
Thursday, July 17, 2025 5:20 AM IST
പെരുവണ്ണാമൂഴി/കുറ്റ്യാടി: മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നതിനിടെ പശുക്കടവ് പിറുക്കന്‍തോട് ഭാഗത്ത് വന്‍ മലവെള്ളപ്പാച്ചില്‍. ഉരുള്പൊട്ടലുണ്ടായതാണെന്നു നാട്ടുകാര്‍.
അപ്രതീക്ഷിതമായി കുതിച്ചെത്തിയ വെള്ളപ്പാച്ചിലില്‍ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. പുഴയോരത്ത് താമസിപ്പിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്നലെ രാത്രി തന്നെ ആരംഭിച്ചു.
കടന്തറപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ പല ഭാഗത്തും വെള്ളം കയറി. ഇല്ലിക്കല്‍ ഹൗസിംഗ് കോളനിയില്‍ നിന്നു ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. താമരമുക്ക് ഭാഗത്തും വെള്ളം കയറി.
പൂഴിത്തോട്ടില്‍ പല ഭാഗത്തും മണ്ണിടിച്ചിലുണ്ടായി. പെരുവണ്ണാമൂഴി - ചെമ്പനോട റോഡിലെ ഓനിപ്പുഴ പാലത്തില്‍ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു.
പിറുക്കന്തോട്ടില് ഉരുള്‍പൊട്ടല്‍ ഉണ്ടായതായി കടന്തിറ പുഴയോരത്തു താമസിക്കുന്നവര്‍ പറഞ്ഞു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് മരുതോങ്കര പഞ്ചായത്ത് അംഗങ്ങളായ സി.പി. ബാബുരാജ്, ഡെന്നീസ് എന്നിവരുടെ നേതൃത്വത്തില്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
കുറ്റ്യാടി മേഖലകളില്‍ കനത്ത മഴയാണ് ഇന്നലെ പെയ്തത്. പട്ട്യാട്ട് പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. മുള്ളന്‍കുന്ന് റോഡില്‍ വെള്ളം കയറി ഗതാഗത തടസമുണ്ടായി. കാവിലുംപാറ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
കോഴിക്കോട്- വയനാട് റൂട്ടില്‍ ഈങ്ങാപുഴയില്‍ റോഡില്‍ വെള്ളം കയറി. താമരശേരി ചുരത്തിലും പരിസരങ്ങളിലും കനത്ത മഴയാണ് ഇന്നലെ രാത്രിയിലും പെയ്തത്. ചുരത്തില്‍ നിന്നുള്ള മലവെള്ളപ്പാച്ചിലിലാണ് ഈങ്ങാപ്പുഴയില്‍ വെള്ളം കയറിയത്.
നാദാപുരം: കനത്ത മഴയെ തുടര്‍ന്ന് വിലങ്ങാട് അങ്ങാടിയിലെ പാലത്തില്‍ വെള്ളം കയറി. അങ്ങാടിയോടു ചേര്‍ന്ന് ഒഴുകുന്ന പുഴയില്‍ ശക്തമായ വെള്ളപ്പാച്ചിലാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലിന്റെ ഭീതിയില്‍ പ്രദേശവാസികളെല്ലാം ജാഗ്രതയിലാണ്.
കുറ്റ്യാടി, കാവിലുംപാറ, തൊട്ടില് പാലം മേഖലകളിലെ പുഴകളെല്ലാം നിറഞ്ഞ് ഒഴുകുകയാണ്. രാത്രിയിലും മലയോര മേഖലകളില്‍ ശക്തമായ മഴ തുടര്‍ന്നു. പുഴകളോടു ചേര്‍ന്നുള്ള റോഡുകളില്‍ വെള്ളം കയറി. മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
താമരശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ നിയന്ത്രണം
കോഴിക്കോട്: മഴ ശക്തമായ സാഹചര്യത്തില്‍ താമരശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍ദ്ദേശം നല്കി. അത്യാവശ്യ വാഹനങ്ങള്‍ക്കു മാത്രമേ ചുരം റോഡില്‍ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങള്‍ കടത്തിവിടില്ല. പ്രദേശത്ത് പോലിസ് പട്രോളിംഗ് ശക്തിപ്പെടുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പൂര്‍ണ സജ്ജരായിരിക്കാന്‍ ഫയര്‍ ആൻഡ് റെസ്ക്യു, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതികള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്കി.
കക്കയം ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.