മണ്ണെണ്ണ വേഗം ലഭ്യമാക്കണം: വ്യാപാരികള്‍
1576510
Thursday, July 17, 2025 5:35 AM IST
കോഴിക്കോട് : കോഴിക്കോട് താലൂക്കിലെ റേഷന്‍കടകളിലേക്ക് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തേക്ക് അനുവദിച്ച മണ്ണെണ്ണ എത്രയും വേഗം ലഭ്യമാക്കണമെന്ന് ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അേസാസിയേഷന്‍ താലൂക്ക് എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മണ്ണെണ്ണ ഏറ്റെടുക്കാത്ത മൊത്തവിതരണക്കാരെ ഒഴിവാക്കി ബദല്‍ സംവിധാനം ഒരുക്കണം.
റേഷന്‍ വ്യാപാരികള്‍ ഒരിടത്തും മണ്ണെണ്ണ ഏറ്റെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല. മറിച്ചുള്ള പ്രചരണം തെറ്റിദ്ധാരണ ജനകമാണ്.ഏഴോളം മൊത്തവിതരണക്കാര്‍ ഉണ്ടായിരുന്ന താലൂക്കില്‍ ഇപ്പോള്‍ രണ്ടെണ്ണമേ നിലവിലുള്ളു.
അതില്‍ ഒരു മൊത്തവിതരണക്കാരന് മണ്ണെണ്ണ ഏറ്റെടുക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.മാത്രവുമല്ല കൊയിലാണ്ടി,വടകര,താമരശേരി താലൂക്കുകളില്‍ മൊത്ത വിതരണക്കാര്‍ തീരെയില്ല. ഈ പ്രദേശത്തെ പ്രശ്നം കൂടി പരിഹരിക്കേണ്ടതുണ്ട്.
സുരക്ഷിതത്വം ഇല്ലാത്ത വാഹനത്തില്‍ മണ്ണെണ്ണ കയറ്റി കൊണ്ടുപോകുവാന്‍ നിയമപരമായി അനുവാദമില്ലാത്തതിനാല്‍ വാതില്‍ പടിയിലൂടെ വിതരണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പി. അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു.