പയ്യോളി സർവീസ് റോഡിലെ കുഴിയിൽ വീണ് പിക്കപ്പ് ലോറി മറിഞ്ഞു
1576507
Thursday, July 17, 2025 5:35 AM IST
പയ്യോളി: കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലെ കുഴിയിൽ വീണു പിക്കപ്പ് ലോറി മറിഞ്ഞതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
ഇന്നലെ പുലർച്ച രണ്ടു മണിയോടെ പയ്യോളിയിലെ സ്വകാര്യ ഇവി ചാർജിങ് സ്റ്റേഷന് സമീപത്താണ് ഭാരം കയറ്റി വന്ന പിക്കപ്പ് ലോറി മറിഞ്ഞത്. ഇവിടെ മുട്ടറ്റം ആഴമുള്ള കുഴിയാണ് ഉള്ളത്. ചെറുവാഹനങ്ങൾ വഴി തിരിച്ചു പോയെങ്കിലും ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിർത്തിയിട്ടതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
പിന്നീട് പുലർച്ചെ അഞ്ചര മണിയോടെ ക്രെയിൻ എത്തിച്ചാണ് ലോറി ഉയർത്തിയത്. പക്ഷേ ഗതാഗതക്കുരുക്ക് മാറാൻ പിന്നെയും മണിക്കൂറുകൾ എടുത്തു. മഴ കനക്കുന്ന സമയങ്ങളിൽ ദേശീയപാതയിലെ യാത്രാദുരിതം വർദ്ധിക്കുന്നതായി യാത്രക്കാർ പരാതി പറയുന്നു.
രണ്ടാഴ്ച മുമ്പ് ജില്ലാ കലക്ടർ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ ദേശീയപാതയിലെ വെള്ളക്കെട്ട് നീക്കാൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതെങ്ങും എത്തിയില്ല.
പലപ്പോഴും രോഗികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ വാഹനങ്ങളിൽ കുടുങ്ങിക്കിടന്ന് യാതന അനുഭവിക്കുകയാണ്.