കൊടിയത്തൂരിൽ കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വീട്ടിലെത്തി പെൻഷൻ മസ്റ്ററിംഗ്
1576516
Thursday, July 17, 2025 5:38 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽപെട്ട പെൻഷൻ ഗുണഭോക്താക്കൾക്ക് വീടുകളിലെത്തി പെൻഷൻ മസ്റ്ററിംഗ് ചെയ്ത് കൊടുത്ത് വാർഡ് മെമ്പറുടെ മാതൃക. രണ്ടാം വാർഡ് മെമ്പർ വി. ഷംലൂലത്തിന്റെ നേതൃത്വത്തിലാണ് സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷനുകൾ വാങ്ങുന്നവർക്കായി ചെറുവാടി അക്ഷയ സെന്ററിന്റെ സഹകരണത്തോടെ മസ്റ്ററിംഗ് സൗകര്യമൊരുക്കിയത്.
നിലവിൽ കൊടിയത്തൂരിൽ അക്ഷയ സെന്റർ ഇല്ലാത്തതിനാൽ ചെറുവാടി - നെല്ലിക്കാപറമ്പ് തുടങ്ങിയ അക്ഷയ സെന്ററുകളിലെത്തി ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ വീടുകളിലെത്തി മസ്റ്ററിംഗ് ചെയ്ത് നൽകിയതോടെ ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ, വയോധികർ തുടങ്ങി വിവിധ കാരണങ്ങൾ കൊണ്ട് വീടിന് പുറത്തിറങ്ങാൻ പറ്റാത്തവർ ഉൾപ്പെടെ മുഴുവൻ പെൻഷൻ ഗുണഭോക്താക്കൾക്കും വലിയ ആശ്വാസമായി.
2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും വാർഷിക മാസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതുണ്ടെന്ന സർക്കാർ ഉത്തരവ് ഗുണഭോക്താതാക്കൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്.
വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിംഗ് നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇങ്ങനെ പ്രയാസപ്പെടുന്ന അവസ്ഥയിലാണ് തന്റെ വാർഡിലെ ഗുണഭോക്താക്കൾക്കായി വീടുകളിലെത്തി മസ്റ്ററിംഗ് സൗകര്യമൊരുക്കിയതെന്ന് വാർഡ് മെമ്പർ വി. ഷംലൂലത്ത് പറഞ്ഞു.
നിലവിൽ 80 ശതമാനം പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. ബാക്കിയുള്ളവരുടേത് വരും ദിവസം ഗുണഭോക്താക്കളുടെ വീട്ടിലേക്ക് നേരിട്ട് എത്തി തന്നെ പൂർത്തിയാക്കുമെന്നും ഷംലൂലത്ത് പറഞ്ഞു.