മണ്ണിടിച്ചിൽ: പൂഴിത്തോട്ടിൽ തകർന്ന് കൃഷിയിടങ്ങൾ
1576750
Friday, July 18, 2025 5:17 AM IST
പൂഴിത്തോട്: ഇന്നലെ പുലർച്ചെയുണ്ടായ കനത്ത മഴയെ തുടർന്ന് ചക്കിട്ടപാറ പഞ്ചായത്ത് നാലാം വാർഡിൽ പെട്ട പൂഴിത്തോട്ടില ഇന്ദിര പുത്തൻപുരയിൽ, ദേവി കുന്നത്ത് എന്നിവരുടെ കൃഷിയിടത്തിൽ ഉരുൾപൊട്ടലിനു സമാനമായ രീതിയിലുണ്ടായ കനത്ത മണ്ണ് ഇടിച്ചിലിൽ വൻ കൃഷി നാശം.
കൊക്കോ, റബ്ബർ, കുരുമുളക്, കമുങ്ങ്, പ്ലാവ് എന്നീ കാർഷിക വിളകളാണ് നശിച്ചത്. രണ്ടു പേർക്കും കൂടി ഒരേക്കർ സ്ഥലമാണുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും നശിച്ചു. അജേഷ് മണിമലക്കുന്നേൽ, മാത്യു കുംബ്ലാനിക്കൽ, ബാബു പൊട്ടനാനിക്കൽ, സേവ്യർ പതിപ്പള്ളിൽ, ത്രേസ്യാമ്മ മുണ്ടക്കൽ, ജോൺസൺ കാരിക്കനാൽ എന്നിവരുടെ വീടുകളുടെ പിൻ വശങ്ങളിലും അപകട ഭീഷണി ഉയർത്തുന്ന വിധത്തിൽ മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്.
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശശി, കൃഷി ഓഫീസർ രശ്മ നായർ, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. ഗിരീഷ് കുമാർ, കൃഷി അസിസ്റ്റന്റ് ഇ. ലിനൂപ് എന്നിവർ സംയുക്തമായി നാശമുണ്ടായ കൃഷിയിടങ്ങൾ സന്ദർശിച്ചു. നാശനഷ്ടം നേരിട്ടവർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് വാർഡ് മെമ്പർ കൂടിയായ സി.കെ.ശശി ആവശ്യപ്പെട്ടു.