മഞ്ഞനിക്കര പെരുന്നാളിനു വിപുലമായ ക്രമീകരണങ്ങൾ
1261881
Tuesday, January 24, 2023 10:53 PM IST
പത്തനംതിട്ട: മഞ്ഞനിക്കര പെരുന്നാൾ ഫെബ്രുവരി അഞ്ച് മുതൽ 11 വരെ നടക്കും. പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 91 -ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരകണക്കിന് വിശ്വാസികൾ മഞ്ഞനിക്കരയിൽ എത്തുമെന്നു പെരുന്നാൾ സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഫെബുവരി അഞ്ചിനു രാവിലെ മഞ്ഞനിക്കര ദയറാ കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, മാത്യൂസ് മാർ തീമോത്തിയോസ് എന്നിവർ കാർമികരാകും. തുടർന്ന് ദയറാ അങ്കണത്തിലും സഭയിലെ എല്ലാ ദേവാലയങ്ങളിലും പാത്രിയർക്ക പതാക ഉയർത്തും.
വൈകുന്നേരം ആറിനു ഓമല്ലൂർ കുരിശിങ്കൽ ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും.
ആറുമുതൽ എല്ലാദിവസവും രാവിലെ 7.30ന് കുർബാനയും വൈകുന്നേരം കൺവൻഷനും ഉണ്ടാകും. ആറിന് വൈകുന്നേരം കൺവൻഷൻ ഉദ്ഘാടനം യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ഫാ.ജിനോ ജോസഫ് കരിപ്പക്കാടൻ, ഫാ. യൂഹാനോൻ വേലിക്കകത്ത്, ഫാ. ജോർജി ജോൺ എന്നിവർ വചനപ്രഘോഷണം നടത്തും. ഏഴിനു രാവിലെ പത്തിന് ധ്യാനയോഗത്തിന് പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും.