ജോസഫ് നീസ്ഫര്‍ നീപ്സിന്റെ സ്മാരകം ഉയരുന്നു
1564120
Sunday, June 1, 2025 11:20 PM IST
മാവേലിക്കര: ഫോട്ടോഗ്രഫിയുടെ കണ്ടുപിടുത്ത വഴിയില്‍ നിര്‍ണായക പങ്കുവഹിച്ച ജോസഫ് നീസ്ഫര്‍ നീപ്സിന് രാജ്യത്തെ ആദ്യ സ്മാരകം മാവേലിക്കരയില്‍ ഉയരുന്നു. ഫോട്ടോഗ്രാഫറും ചിത്രകാരനുമായ സജി എണ്ണക്കാടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജോസഫ് നീസ്ഫര്‍ നീപ്സ് ഫൗണ്ടേഷനാണ് മാവേലിക്കര വാത്തികുളത്ത് സ്മാരകം പണിതുയര്‍ത്തുന്നത്. അഞ്ചര സെന്റ് സ്ഥലത്ത് പാരീസിലുള്ള നീപ്സിന്റെ പുരാതനഗൃഹത്തിന്റെ മാതൃകയിലാണ് സ്മാരകം നിര്‍ക്കുന്നത്. ഇരു നില കെട്ടിടത്തിന്റെ താഴത്തെ നില ആര്‍ട്ട് ഗാലറിയാണ്.
ജോസഫ് നീസ്ഫര്‍ നീപ്സിന്റെ ജീവിതരേഖ വിശദീകരിക്കുന്ന ചിത്രങ്ങളും മറ്റ് രേഖകളും ഗാലറിയില്‍ ഉണ്ടാകും. ലോകത്തിലെ ആദ്യത്തെ വിജയകരമായ ഫോട്ടോ നീപ്സ് എടുത്ത പോയിന്റെ ദെ വോ ദെല ഫെനിത്രെ എന്ന ചിത്രമാണെന്നും എന്നാല്‍ ഫോട്ടോഗ്രഫിയുടെ ഉദയം സംബന്ധിച്ച് അര്‍ഹമായ സ്ഥാനം ഇദ്ദേഹത്തിന് നിഷേധിക്കപ്പെട്ടെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു.
സ്മാകരത്തിന്റെ ശിലാ സ്ഥാപനം നാളെ വൈകുന്നേരം നാലിന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ നിര്‍വഹിക്കും. ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് ഡോ.ബിന്ദു ഡി. സനല്‍ അധ്യക്ഷത വഹിക്കും. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ജോസഫ് നീസ്ഫര്‍ നീപ്സിന്റെ അര്‍ധകായ വെങ്കല പ്രതിമ അനാഛാദനം ചെയ്യും.
ജോസഫ് നീസ്ഫര്‍ നീപ്സിന്റെ ജീവചരിത്ര കൈപ്പുസ്തകം നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം ഭരണ സമിതി അംഗം എസ്.അഖിലേഷ് എ.ആർ. സ്മാരക ഭരണ സമിതി അംഗം ബിനു തങ്കച്ചന് നല്കി പ്രകാശനം ചെയ്തു. വെങ്കല പ്രതിമയുടെ ശില്പി സി.എസ്. സുനില്‍കുമാറിനെ ചടങ്ങില്‍ ആദരിക്കുമെന്നും ഭാരവാഹികളായ സജി എണ്ണക്കാട്, കെ.ആർ. രാധാകൃഷ്ണന്, ഡോ. ബിന്ദു ഡി. സനല്‍, അനില്‍ അനന്തപുരി എന്നിവര്‍ അറിയിച്ചു.