നങ്ങ്യാര്‍കുളങ്ങരയിലെ ഫ്ലാറ്റ് സമുച്ചയം ഭാഗികമായി പൊളിക്കാനുള്ള സാധ്യതതേടി ദേശീയപാത അഥോറിറ്റി
1564380
Monday, June 2, 2025 10:57 PM IST
ആലപ്പുഴ: കാലിക്കറ്റ് എന്‍ഐടി വിദഗ്ധ സംഘം മുഴുവനായി പൊളിക്കണമെന്നു നിര്‍ദേശിച്ച നങ്ങ്യാര്‍കുളങ്ങരയിലെ ഫ്ലാറ്റ് സമുച്ചയം ഭാഗികമായി പൊളിക്കാനുള്ള സാധ്യത ദേശീയപാത അഥോറിറ്റി തേടുന്നു. ഫ്ലാറ്റ് പൂര്‍ണമായും പൊളിക്കുന്നതു വന്‍ സാമ്പത്തിക ബാധ്യതയാകുമെന്നതു കണക്കാക്കിയാണു പകുതി പൊളിക്കാന്‍ ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യത പരിശോധിക്കാന്‍ ദേശീയപാത റീജനല്‍ ഓഫിസില്‍ നിന്നു നിര്‍ദേശം ലഭിച്ചത്.
ഫ്ലാറ്റ് ഭാഗികമായി നിലനിര്‍ത്തുന്നതിലൂടെ നഷ്ടപരിഹാര ഇനത്തില്‍ ദേശീയപാത അഥോറിറ്റിക്ക് പത്തുകോടിയിലേറെ രൂപ ലാഭിക്കാനാകും. പാതയോരത്തുള്ള ഫ്ലാറ്റിന്റെ പകുതിയോളം ഭാഗം പൊളിച്ചെങ്കില്‍ മാത്രമേ ആറുവരിപ്പാതയുടെ നിര്‍മാണം പൂര്ത്തിയാക്കാനാകൂ. എന്നാല്‍ ഫ്ലാറ്റ് മുഴുവനായും നഷ്ടപരിഹാരം നല്കി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഫ്ലാറ്റിലെ താമസക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഇതിനു പിന്നാലെ നഷ്ടപരിഹാരം നല്കി ഫ്ലാറ്റ് ഏറ്റെടുക്കുന്നതിനു നിയമോപദേശവും തേടിയിരുന്നു. തുടര്‍ന്നാണു കാലിക്കറ്റ് എന്‍ഐടിയില്‍നിന്നുള്ള വിദഗ്ധ സംഘം ഫ്ലാറ്റിന്റെ ബലത്തെക്കുറിച്ചു പഠനം നടത്തി ഭാഗികമായി പൊളിക്കുന്നതു സുരക്ഷിതമാകില്ലെന്നു റിപ്പോര്‍ട്ട് ചെയ്തത്.
രണ്ടു ടവറുകളുടെയും അടിത്തറ തമ്മില്‍ ബന്ധമില്ലെന്നാണു ദേശീയപാത അഥോറിറ്റി പറയുന്നത്. ഡയമണ്ട് കട്ടിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു ഒറു ടവര്‍ പൊളിച്ചാല്‍ ശേഷിക്കുന്ന ഭാഗത്തിനു കേടുപാടുണ്ടാകില്ലെന്നാണു വിലയിരുത്തല്‍.
എന്നാല്‍ അത്തരം പ്രവൃത്തികളില്‍ വിദഗ്ധരായ കരാറുകാരും തൊഴിലാളികളും ഉണ്ടോയെന്നതില്‍ സംശയമുണ്ട്. വിദഗ്ധരെ ലഭ്യമായെങ്കില്‍ മാത്രമാകും ഫ്ളാറ്റ് ഇത്തരത്തില്‍ പൊളിക്കുക. നങ്ങ്യാര്‍കുളങ്ങര ജംഗ്ഷനില്‍ മേല്‍പാലം നിര്‍മാണത്തിനായി തൂണുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഫ്ലാറ്റ് ഭാഗികമായെങ്കിലും പൊളിച്ചു നീക്കിയാല്‍ മാത്രമേ പാത നിര്‍മാണം പൂര്ത്തിയാക്കാനാകൂ.