ലഹരിവിരുദ്ധ സന്ദേശ യാത്ര
1564626
Tuesday, June 3, 2025 11:29 PM IST
ചേര്‍ത്തല: റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3211 റോപ്പ് (റോട്ടറി പോലീസ് എന്‍ഗേജ്മെന്റ്) പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശ യാത്ര ആറിന് അരൂരില്‍നിന്ന് തുടങ്ങും. അരുതേ എന്ന് പേരിട്ടിരിക്കുന്ന യാത്ര സൗഹൃദമാണ് ലഹരി എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് ചെയര്മാന് സുമേഷ് ചെറുവാരണം, ചേര്‍ത്തല റോട്ടറി ക്ലബ് അഡ്മിന് അഡ്വ. സി.കെ. രാജേന്ദ്രന്, ട്രഷറര്‍ ബിനു ജോണ്‍, സി.കെ. സുരേഷ് ബാബു, അരുതേ ഡിസ്ട്രിക്ട് ട്രഷറര്‍ ഡെലിഷ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെ സഞ്ചരിക്കുന്ന യാത്ര തിരുവനന്തപുരത്ത് 10ന് ശംഖുമുഖം ബീച്ചില്‍ സമാപിക്കും. ഓരോ ജില്ലയിലെയും വിവിധ കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. ഇതിനോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകള്‍, ഫ്ളാഷ് മോബുകള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടിന് അരൂരില്‍നിന്ന് തുടങ്ങുന്ന ബൈക്ക് റാലി 10ന് പള്ളിപ്പുറം പട്ടാര്യസമാജം ഹൈസ്കൂളിലെത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് അധ്യക്ഷനാകും. ദലീമ ജോജോ എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്യും.